ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ ലിവപൂൾ ബാഴ്സലോണ പോരാട്ടം നടക്കുന്നതിന് മുമ്പ് തന്നെ ക്ലബുകളിൽ തമ്മിൽ ടിക്കറ്റ് വിലയെ ചൊല്ലി പോര്. ബാഴ്സലോണ അവരുടെ സ്റ്റേഡിയത്തിൽ നടക്കുന്ന കളി കാണാൻ എവേ ഫാൻസിന്, അതായത് ലിവർപൂൾ ആരാധകർക്കുള്ള ടിക്കറ്റിന് വൻ തുകയാണ് ഇട്ടിരിക്കുന്നത്. ലിവർപൂൾ ആരാധകർ ക്യാമ്പ്നൂവിൽ കളി കാണണം എങ്കിൽ 119 യൂറോ ഒരു ടിക്കറ്റിന് കൊടുക്കേണ്ടി വരും. നേരത്തെ ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ഈ വകിയ തുകയ്ക്ക് എതിരെ പ്രതിഷേധിച്ചിരുന്നു. അന്ന് ബാഴ്സലോണ ടിക്കറ്റ് വില കുറക്കാൻ തയ്യാറാവാത്തതൊടെ ബാഴ്സലോണ ആരാധകർക്കുള്ള ടിക്കറ്റ് വില കൂട്ടി തിരിച്ചടിക്കുക ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ചെയ്തത്. അതു തന്നെ ആകും ലിവർപൂളും ചെയ്യുക.
ആൻഫീൽഡിൽ നടക്കുന്ന മത്സരത്തിൽ ബാഴ്സലോണ ആരാധകർക്കും സമാനമായ നിരക്കിൽ ടിക്കറ്റ് കൊടുക്കാൻ ആണ് ലിവർപൂൾ ഇപ്പോൾ തീരുമാനിച്ചത്. ബാഴ്സ ആരാധകരും 119 യൂറോ ഒരു ടിക്കറ്റിന് വേണ്ടി ചിലവാക്കേണ്ടി വരും.
ബാഴ്സലോണ ആരാധകർക്ക് ഇട്ടിരിക്കുന്ന ടിക്കറ്റ് വിലയിൽ നിന്ന് ലഭിക്കുന്ന അധിക വരുമാനം ഉപയോഗിച്ച് ബാഴ്സലോണയിൽ കളി കാണാൻ പോകുന്ന ലിവർപൂൾ ആരാധകരുടെ ചിലവ് കുറക്കുകയാണ് ക്ലബിന്റെ ലക്ഷ്യം. ബാഴ്സലോണയിൽ 120 യൂറോയ്ക്ക് ടിക്കറ്റ് എടുക്കുന്ന ആരാധകർക്ക് ലിവർപൂൾ സബ്സിഡി നൽകും. അങ്ങനെ ലിവർപൂൾ ആരാധകരുടെ ടിക്കറ്റ് നിരയ്ക്ക് 88 യൂറോ ആക്കി കുറയ്ക്കാൻ ലിവർപൂളിനാകും.