ചാമ്പ്യൻസ് ലീഗോ യൂറോപ്പ ലീഗോ, ബാഴ്സലോണയുടെ വിധി ഇന്നറിയാം

Newsroom

ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിലെ സ്ഥാനം ഇനിയും ഉറപ്പിച്ചിട്ടില്ലാത്ത ബാഴ്സലോണ ഇന്ന് അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെതിരെ ഇറങ്ങും. ഗ്രൂപ്പ് ഇയിൽ ഒന്നാമതായി ഫിനിഷ് ചെയ്യുമെന്ന് ഉറപ്പാക്കിയ ബയേണ് ഇന്നത്തെ മത്സരം പ്രധാനമല്ല. പക്ഷെ ബാഴ്സലോണക്ക് ഇത് ജീവന്മരണ പോരാട്ടമാണ്. ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തിനായി ബെൻഫിക്കയും ബാഴ്സയും ഇന്ന് ശ്രമിക്കുന്നുണ്ട്. ബാഴ്സലോണ ബയേണോട് പരാജയപ്പെടുകയും ബെൻഫിക ഡൈനാമോ കീവിനെ തോൽപ്പിക്കുകയും ചെയ്താൽ ബാഴ്സലോണ ഗ്രൂപ്പിൽ മൂന്നാമതാകും. ബെൻഫിക യു സി എൽ നോക്കൗട്ടിലേക്കും ബാഴ്സലോണ യൂറോപ്പ ലീഗിലേക്കും പോകും.

ഇപ്പോൾ ബാഴ്സലോണക്ക് ഗ്രൂപ്പിൽ ഏഴു പോയിന്റും ബെൻഫികയ്ക്ക് 5 പോയിന്റുമാണ് ഉള്ളത്. ബാഴ്സലോണ ഇന്ന് അൻസു ഫതി ഇല്ലാതെ ആകും ഇറങ്ങുന്നത്. താരം പരിക്ക് മാറി ഇനിയും എത്തിയില്ല. കഴിഞ്ഞ മത്സരത്തിൽ റയൽ ബെറ്റിസിനോട് തോറ്റ ബാഴ്സലോണക്ക് വിജയ വഴിയിലേക്ക് തിരികെ വരേണ്ടതുണ്ട്. പുതിയ പരിശീലകൻ സാവിക്ക് ഇതുവരെ ബാഴ്സലോണയിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരാൻ ആയിട്ടില്ല.

വലിയ പ്രാധാന്യം ഇല്ല എ‌ങ്കിലും മ്യൂണിക്കിൽ ഇന്ന് ശക്തമായ ടീമിനെ തന്നെ ഇറക്കും എന്നാണ് ബയേൺ പരിശീലകൻ പറഞ്ഞിരിക്കുന്നത്. സീസൺ തുടക്കത്തിൽ സ്പെയിനിൽ വെച്ച് രണ്ട് ടീമുകളും ഏറ്റുമുട്ടിയപ്പോൾ 3-0ന്റെ വിജയം ബയേൺ നേടിയിരുന്നു. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുന്നത്.