ഇഞ്ച്വറി സമയത്ത് മൂന്നു ഗോളുകൾ! 101 മത്തെ മിനിറ്റിൽ വിജയഗോൾ! ചാമ്പ്യൻസ് ലീഗ് ത്രില്ലറിൽ പോർട്ടോയെ വീഴ്ത്തി അത്ലറ്റികോ മാഡ്രിഡ്

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബിയിലെ ത്രില്ലർ പോരാട്ടത്തിൽ എഫ്.സി പോർട്ടോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്നു അത്ലറ്റികോ മാഡ്രിഡ്. ഗോൾ രഹിതമായ 90 മിനിറ്റുകൾക്ക് ശേഷം ഇഞ്ച്വറി സമയത്ത് ആണ് മത്സരത്തിലെ ഗോളുകൾ എല്ലാം പിറന്നത്. പന്ത് കൂടുതൽ നേരം കൈവശം വച്ചത് അത്ലറ്റികോ ആയിരുന്നു എങ്കിലും കൂടുതൽ ഷോട്ടുകൾ ഉതിർത്തത് പോർട്ടോ ആയിരുന്നു. ഏതാണ്ട് വിരസമായ മത്സരം അവസാന നിമിഷങ്ങളിൽ നാടകീയ നിമിഷങ്ങൾ കൊണ്ട് സമ്പന്നമായി.

82 മത്തെ മിനിറ്റിൽ രണ്ടാം മഞ്ഞ കാർഡ് കണ്ടു പോർട്ടോ മുന്നേറ്റ താരം മെഹ്ദി തരമി പുറത്ത് പോയതോടെ പോർച്ചുഗീസ് ക്ലബ് 10 പേരായി ചുരുങ്ങി. 90 മിനിറ്റിനു ശേഷം 10 മിനിറ്റ് ആണ് റഫറി അധിക സമയം അനുവദിച്ചത്. 92 മത്തെ മിനിറ്റിൽ ആഞ്ചൽ കൊറെയുടെ പാസിൽ നിന്നു മരിയോ ഹെർമോസയുടെ ഷോട്ട് പോർട്ടോ താരത്തിന്റെ ദേഹത്ത് തട്ടി അവരുടെ വലയിൽ എത്തി. അത്ലറ്റികോ ജയം ഉറപ്പിച്ചു എന്നു കരുതിയ മത്സരത്തിൽ 5 മിനിറ്റിനുള്ളിൽ പോർട്ടോക്ക് അനുകൂലമായ പെനാൽട്ടി ലഭിച്ചു. ഹെർമോസയുടെ ഹാന്റ് ബോളിന് ലഭിച്ച മറ്റിയസ് ഉരിബെ ലക്ഷ്യത്തിൽ എത്തിച്ചു.

ചാമ്പ്യൻസ് ലീഗ്

പെനാൽട്ടി കയ്യിൽ എത്തിക്കാൻ ആയെങ്കിലും ഇത് തടയാൻ ഒബ്‌ളാക്കിന്‌ ആയില്ല. സമനില എന്നു പ്രതീക്ഷിച്ച മത്സരത്തിൽ 101 മത്തെ മിനിറ്റിൽ അടുത്ത ട്വിസ്റ്റ് പിറന്നു. ലമാറിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ അലക്‌സ് വിറ്റ്സൽ മറിച്ചു നൽകിയ പന്ത് മറ്റൊരു ഹെഡറിലൂടെ പകരക്കാരനായി ഇറങ്ങിയ അന്റോണിയോ ഗ്രീസ്മാൻ വലയിൽ എത്തിക്കുക ആയിരുന്നു. ഇതോടെ അത്ലറ്റികോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടുന്ന താരമായും ഫ്രഞ്ച് താരം മാറി. അത്ലറ്റികോ ആരാധകർക്ക് ആവേശനിമിഷം ആയിരുന്നു ഈ ഗോൾ. തീർത്തും ആവേശകരമായ മത്സരത്തിൽ നേടിയ ജയം അത്ലറ്റികോ മാഡ്രിഡിന് കൂടുതൽ ഊർജ്ജം നൽകും എന്നുറപ്പാണ്.