ആർതർ ആഷെയിൽ മറ്റൊരു കറുത്ത വർഗ്ഗക്കാരന്റെ വിജയഗാഥ! ടിയെഫോ യു.എസ് ഓപ്പൺ സെമിഫൈനലിൽ

20220908 023733

യു.എസ് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി അമേരിക്കൻ താരവും 22 സീഡും ആയ ഫ്രാൻസസ് ടിയെഫോ. കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനൽ ആണ് അമേരിക്കൻ താരത്തിന് ഇത്. കഴിഞ്ഞ മത്സരത്തിൽ സാക്ഷാൽ റാഫേൽ നദാലിനെ അട്ടിമറിച്ചു ലോകത്തെ ഞെട്ടിച്ച ടിയെഫോ ഇത്തവണ ഒമ്പതാം സീഡും റഷ്യൻ താരവും ആയ ആന്ദ്ര റൂബ്ലേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് അട്ടിമറിച്ചു. ആദ്യ സെറ്റിൽ ബ്രേക്ക് വഴങ്ങാതെ ഇരു താരങ്ങളും പൊരുതിയതോടെ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിൽ സെറ്റ് 7-6(7-3) നേടിയ ടിയെഫോ മത്സരത്തിൽ മുൻതൂക്കം കണ്ടത്തി.

രണ്ടാം സെറ്റിൽ കടുത്ത പോരാട്ടം ആണ് ടിയെഫോ നേരിട്ടത്. തന്റെ സർവീസിൽ സെറ്റ് പോയിന്റ് രക്ഷിച്ച അമേരിക്കൻ താരം എന്നാൽ വിട്ട് കൊടുക്കാൻ തയ്യാറായില്ല. ഒരിക്കൽ കൂടി ടൈബ്രേക്കറിൽ സെറ്റ് 7-6(7-0) എന്ന സ്കോറിന് നേടിയ താരം മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. രണ്ടാം സെറ്റ് ടൈബ്രേക്കറിൽ റഷ്യൻ താരത്തിന് ഒരവസരവും ടിയെഫോ നൽകിയില്ല. മൂന്നാം സെറ്റിൽ ആദ്യമായി ഒരു ബ്രേക്ക് കണ്ടത്തിയ അമേരിക്കൻ താരം തുടർന്ന് കടുത്ത സമ്മർദ്ദത്തിലും ബ്രേക്ക് പോയിന്റുകൾ രക്ഷിച്ചു സെറ്റ് 6-4 നു നേടി ചരിത്രം എഴുതി. 12 ഏസുകൾ ഉതിർത്ത റൂബ്ലേവിനു എതിരെ 18 ഏസുകൾ ആണ് ടിയെഫോ ഉതിർത്തത്.

യു.എസ് ഓപ്പൺ

കുടിയേറ്റക്കാരനായ മാതാപിതാക്കളുടെ മകനായി ദാരിദ്ര്യത്തിൽ വളർന്ന അമേരിക്കൻ താരത്തിന്റെ ഈ നേട്ടം തീർത്തും അവിശ്വസനീയം തന്നെയാണ്. 1972 ൽ സാക്ഷാൽ ആർതർ ആഷെക്ക് ശേഷം യു.എസ് ഓപ്പൺ സെമിഫൈനലിൽ എത്തുന്ന ആദ്യ കറുത്ത വർഗ്ഗക്കാരൻ ആയ പുരുഷ താരമാണ് ഫ്രാൻസസ് ടിയെഫോ. ആർതർ ആഷെയുടെ പേരിലുള്ള സ്റ്റേഡിയത്തിൽ തന്നെ ആ ചരിത്രനേട്ടം ടിയെഫോ സാധ്യമാക്കിയത് കാലത്തിന്റെ കൗതുകം ആയി. 16 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായാണ് ഒരു അമേരിക്കൻ താരം യു.എസ് ഓപ്പൺ സെമിഫൈനലിൽ എത്തുന്നത്. സെമിയിൽ യാനിക് സിന്നർ, കാർലോസ് അൽകാരസ് മത്സരവിജയിയെ ആണ് ടിയെഫോ നേരിടുക.