ചാമ്പ്യൻസ് ലീഗിൽ ചെൽസിക്കെതിരായ അത്ലറ്റികോ മാഡ്രിഡിന്റെ ഹോം മാച്ചിന്റെ വേദി മാറ്റിയേക്കുമെന്ന് സൂചനകൾ. യു.കെയിൽ നിന്നുള്ള യാത്രക്കാർക്ക് സ്പെയിൻ വിലക്ക് ഏർപെടുത്തിയതോടെയാണ് മത്സരം മറ്റൊരു വേദിയിലേക്ക് മാറ്റാൻ ആലോചന നടത്തുന്നത്. കൊറോണ വൈറസിന്റെ പുതിയ രൂപം യു.കെയിൽ കണ്ടെത്തിയതിനെ തുടർന്നാണ് സ്പെയിൻ യു.കെയിൽ നിന്നുള്ളവർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയത്.
അത്ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ വാണ്ട മെട്രോപോളിറ്റാനോ സ്റ്റേഡിയത്തിൽ നടക്കേണ്ട മത്സരം ബുക്കാറസ്റ്റിൽ വെച്ചോ വാർസോയിൽ വെച്ചോ നടത്താനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. ഫെബ്രുവരി 23നാണ് അത്ലറ്റികോ മാഡ്രിഡും ചെൽസിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗ് മത്സരം. കൂടാതെ മറ്റൊരു പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡും സ്പാനിഷ് ക്ലബായ റയൽ സോസിഡാഡും തമ്മിലുള്ള യൂറോപ്പ ലീഗ് മത്സരവും സ്പെയിനിൽ നിന്ന് പുറത്തേക്ക് മാറ്റാനുള്ള ആലോചനകൾ നടക്കുന്നുണ്ട്. യുവന്റസിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് മത്സരങ്ങൾ നടത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.