റെക്കോർഡുകൾ ഒരോന്നും തന്റേതാക്കി മുന്നേറുന്ന ഇറ്റാലിയൻ പരിശീലകൻ കാർലോ ആഞ്ചലോട്ടി ഇന്ന് റയൽ മാഡ്രിഡിനെ ഫൈനലിൽ എത്തിച്ചതോടെ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്ന പരിശീലകനായി മാറി. ആഞ്ചലോട്ടിയുടെ അഞ്ചാം ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കാണ് അദ്ദേഹം യോഗ്യത നേടിയിരിക്കുന്നത്.
ഇതുവരെ മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് ട്രോഫി നേടിയ ആഞ്ചലോട്ടിക്ക് നാലു തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ആദ്യ പരിശീലകനായി മാറാനുള്ള അവസരമാണ് മുന്നിൽ വന്നിരിക്കുന്നത്.
മെയ് 28-ന് പാരീസിലെ സ്റ്റേഡ് ഡി ഫ്രാൻസിൽ നടക്കുന്ന ഫൈനലിൽ ലാ ലിഗ വമ്പന്മാർ ലിവർപൂളിനെയാകും നേരിടുക. ബോബ് പെയ്‌സ്‌ലിയും സിദാനും ആഞ്ചലോട്ടിയും ഇതിനകം മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്. ഫുട്ബോൾ താരമെന്ന നിലയിൽ രണ്ട് തവണയും ആഞ്ചലോട്ടി യൂറോപ്യൻ കപ്പ് ഉയർത്തിയുട്ടുണ്ട്. ഇത്തവമ്മ ലാ ലിഗ കിരീടം നേടിയതോടെ മികച്ച അഞ്ച് യൂറോപ്യൻ ലീഗുകളിലും കിരീടം നേടുന്ന ആദ്യ പരിശീലകനായും ആഞ്ചലോട്ടി മാറിയിരുന്നു.