ഫുട്ബോൾ ബ്ലഡി ഹെൽ!! മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച തിരിച്ചുവരവുമായി റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

ചാമ്പ്യൻസ് ലീഗ് ചരിത്രം കണ്ട ഏറ്റവും മികച്ച സെമി ഫൈനലുകളിൽ ഒന്നായി തന്നെ റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റി പോരാട്ടം മാറുന്നതാണ് ഇന്ന് രണ്ടാം പാദത്തിൽ കണ്ടത്. ആദ്യ പാദത്തിലെ 4-3 പോരാട്ടം മതിയാവാത്തവർക്ക് അതിനേക്കാൾ വലിയൊരു എന്റർടെയ്നർ ഇന്ന് ബെർണബെയുവിൽ ലഭിച്ചു. 90ആം മിനുട്ട് വരെ പിറകിലായിരുന്ന റയൽ മാഡ്രിഡ് 80 സെക്കൻഡുകൾക്ക് ഇടയിൽ പിറന്ന രണ്ട് ഗോളുകളുടെ ബലത്തിൽ കളി തിരിച്ചു പിടിക്കുന്ന കണ്ട അത്ഭുത രാത്രി.
ഇന്ന് 3-1ന് വിജയിച്ച റയൽ മാഡ്രിഡ് 6-5ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് മാഞ്ചസ്റ്റർ സിറ്റിയെ മറികടന്നത്.

ഇന്ന് ബെർണബെയുവിൽ റയൽ മാഡ്രിഡ് ആണ് നന്നായി കളി തുടങ്ങിയത്. ബെൻസീമയ്ക്ക് ആദ്യ പകുതിയിൽ രണ്ട് നല്ല അവസരങ്ങൾ ലഭിച്ചു എങ്കിലും പതിവിൽ നിന്ന് മാറി ബെൻസീമയുടെ കിക്ക് ലക്ഷ്യത്തിലേക്ക് പോയില്ല. കളിച്ചത് റയൽ മാഡ്രിഡ് ആണെങ്കിലും ആദ്യ പകുതിയിലെ രണ്ട് നല്ല അവസരങ്ങൾ സിറ്റിക്ക് ആണ് ലഭിച്ചത്‌. ബെർണാടോ സിൽവയുടെയും ഫോഡന്റെയും ഒരോ ഷോട്ടുകൾ കോർതോ ഇത്തിരി പണി എടുത്താണ് സേവ് ചെയ്തത്.20220505 020814

രണ്ടാം പകുതി റയൽ മാഡ്രിഡ് മനോഹരമായാണ് തുടങ്ങിയത്‌. കിക്കോഫിൽ നിന്ന് തുടങ്ങിയ ആക്രമണം വിനീഷ്യസിൽ എത്തി എങ്കിലും വിനീഷ്യസിന് പന്ത് ടാർഗറ്റിലേക്ക് പോലും തൊടുക്കാൻ ആയില്ല. അധികം അവസരങ്ങൾ സൃഷ്ടിക്കപ്പെടാതെ പോയ മത്സരത്തിൽ 72ആം മിനുട്ടിലാണ് മാഞ്ചസ്റ്റർ സിറ്റി ഗോൾ കണ്ടെത്തിയത്.

ബെർണാടോ സിൽവയുടെ പാസിൽ നിന്ന് മഹ്റെസിന്റെ ഇടം കാലൻ ഷോട്ട് തടയാൻ കോർതോക്ക് ആയില്ല. സ്കോർ 0-1. ഇതിനു ശേഷം ആഞ്ചലോട്ടി മാറ്റങ്ങൾ നടത്തി നോക്കി. അവസാനം 90ആം മിനുട്ടിൽ റോഡ്രിഗോയിലൂടെ ഒരു ഗോൾ റയൽ മാഡ്രിഡ് മടക്കി. ബെൻസീമയുടെ അസിസ്റ്റിൽ നിന്നായിരുന്നു റോഡ്രിഗീയുടെ ഗോൾ. സ്കോർ 1-1. അഗ്രിഗേറ്റിൽ 4-5
20220505 022831
ഇനി നിമിഷങ്ങൾ മാത്രം ബാക്കി. മാഞ്ചസ്റ്റർ സിറ്റി ഭയന്നത് തന്നെ സംഭവിച്ചു നിമിഷങ്ങൾക്ക് അകം റോഡ്രിഗോയുടെ രണ്ടാം ഗോൾ. കാർവഹാലിന്റെ ക്രോസിൽ നിന്നായിരുന്നു ഹെഡർ. ആദ്യ 90 മിനുട്ടിൽ ഒരു ഷോട്ട് ടാർഗറ്റിൽ ഇല്ലാത്ത റയൽ മാഡ്രിഡ് ആണ് അവസാനം ഞെട്ടിച്ചത്.

കളി എക്സ്ട്രാ ടൈമിലേക്ക് എത്തി. എക്സ്ട്രാ ടൈമിൽ അധികം താമസിയാതെ റയലിന് അനുകൂലമായ പെനാൾട്ടി വന്നു. 95ആം മിനുട്ടിൽ പെനാൾട്ടി എടുത്ത ബെൻസീമ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു. ബെൻസീമയുടെ സീസണിലെ 43ആം ഗോൾ. സ്കോർ 3-1 അഗ്രിഗേറ്റ് 6-5. പിന്നീട് ബെൻസീമയെ പിൻവലിക്കേണ്ടി വന്നു എങ്കിലും റയൽ വിജയം ഉറപ്പിച്ച് ഫൈനലിലേക്ക് മാർച്ച് ചെയ്തു.

ലിവർപൂളിനെ ആകും റയൽ മാഡ്രിഡ് ഫൈനലിൽ നേരിടുക.