അയാക്സിന് ഇന്നലെ ഹൃദയം തകരുന്ന ഫലം ആയിരുന്നു ആംസ്റ്റർഡാമിൽ ലഭിച്ചത്. ഏഴാം ചാമ്പ്യൻസ് ലീഗ് ഫൈനൽ എന്ന സ്വപ്നത്തിന് തൊട്ടടുത്ത് വെച്ച് തിരിച്ചടി. സ്പർസിനെതിരെ അവസാനം പരാജയപ്പെട്ട് ചാമ്പ്യൻസ് ലീഗ് യാത്ര അവസാനിപ്പിച്ചു എങ്കിലും അയാക്സ് കയ്യടികൾ അർഹിക്കുന്നു. ഈ ചാമ്പ്യൻസ് ലീഗിനെ മനോഹരമാക്കുന്നത അയാക്സിന് അത്ര വലിയ പങ്കുണ്ടായിരുന്നു.
അവസാന മൂന്ന് വർഷം ചാമ്പ്യന്മാരായ റയൽ മാഡ്രിഡിനെ വീഴ്ത്താനും റൊണാൾഡോ ഉണ്ടായിരുന്ന യുവന്റസിനെ വീഴ്ത്താനും അയാക്സിന്റെ യുവനിരയ്ക്ക് ഇത്തവണ പറ്റി. അത് മാത്രമല്ല അയാക്സിന്റെ മത്സരങ്ങൾ അടുത്ത കാലത്ത് ഫുട്ബോൾ കണ്ടവും ഏറ്റവും സുന്ദരൻ ഫുട്ബോളിന്റെ പ്രദർശനം കൂടിയായി മാറി. ഡി ലിറ്റ്, ഡി യോംഗ്, വാൻ ഡി ബീക്, നെരെസ് തുടങ്ങി ഫുട്ബോളിന്റെ ഭാവി നിയന്ത്രിക്കാൻ പോകുന്നവരെയും സിയെച്, ടാഡിച്, ബ്ലിൻഡ് തുടങ്ങി ഫുട്ബോളിൽ കൂടുതൽ ശ്രദ്ധ അർഹിക്കുന്നവരെയും ലോകഫുട്ബോളിന് കാണിച്ച് കൊടുക്കാനും അയാക്സിന്റെ ഈ സീസണിൽ പ്രകടനങ്ങൾ കൊണ്ടായി.
അവസാന കുറേ വർഷങ്ങളായി യൂറോപ്പിൽ വലിയ പ്രകടനങ്ങൾ ഇല്ലാ എങ്കിലും ഒരു കാലത്ത് അയാക്സ് യൂറോപ്പിലെ വമ്പൻ ക്ലബ് തന്നെ ആയിരുന്നു. ആറ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മുമ്പ് കളിച്ച ടീമാണ് അയാക്സ് എന്ന് പറഞ്ഞാൽ പല പുതിയ ഫുട്ബോൾ ആരാധകർക്കുൻ അത് അത്ഭുതമായി തോന്നാം എങ്കിലും അത് ഒരു സത്യമാണ്. ഇതുവരെ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ അയാക്സ് നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വരെ മൂന്ന് കിരീടങ്ങൾ മാത്രമേ ഉള്ളൂ. 1970, 1971, 1972 സീസണുകളിലും 1995 സീസണിലും ആയിരുന്നു അയാക്സ് ഇതിനു മുമ്പ് കിരീടം നേടിയത്. ഇത്തവണ കണ്ട അയാക്സിനെ അടുത്ത സീസണിലും കാണാൻ കഴിയുമോ എന്നു ഉറപ്പില്ലാ എങ്കിലും അയാക്സ് ശക്തരായി തന്നെ യൂറോപ്പിൽ തുടരണം എന്നാണ് ഫുട്ബോൾ ആരാധകർ ആഗ്രഹിക്കുന്നത്.