24 വർഷങ്ങൾക്ക് ശേഷം പിഎസ്ജി ചാമ്പ്യൻസ് ലീഗ് സെമിയിൽ

- Advertisement -

24 വർഷങ്ങൾക്ക് ശേഷം പിഎസ്ജി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ കടന്നു. അറ്റലാന്റയെ ഇഞ്ചുറി ടൈമിൽ അടിച്ച രണ്ട് ഗോളുകളുടെ പിൻബലത്തിലാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. ഇതിന് മുൻപ് 1994-95 സീസണിൽ ലൂയിസ് ഫെർണാണ്ടസിന്റെ കീഴിലാണ് പിഎസ്ജി അവസാനമായി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ കയറിയത്.

149 സെക്കന്റുകൾക്കുള്ളിൽ പിറന്ന മാർക്വീനിയോസിന്റെയും മാക്സിം ചോപോ – മോട്ടിങ്ങിന്റെയും ഗോളുകളാണ് പിഎസ്ജിയുടെ തലവര മാറ്റിയത്. യൂറോപ്പിലെ എലൈറ്റ് ക്ലബ്ബുകളിൽ ഒന്നാണെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം പിഎസ്ജിക്ക് എന്നും കിട്ടാക്കനിയായിരുന്നു. 2012ന് ശേഷം 5 തവണ ക്വാർട്ടർ ഫൈനലിൽ എത്താനും 3തവണ പ്രീ ക്വാർട്ടറിൽ എത്താനും പിഎസ്ജിക്ക് സാധിച്ചിരുന്നെങ്കിലും സെമി സ്വപ്നം സാധ്യമായത് 24 വരഷങ്ങൾക്ക് ശേഷമാണ്.

2011ൽ ഖത്തറിന്റെ ഇൻവെസ്റ്റ്മെന്റ് വന്നതിന് ശേഷം സ്ലാത്തൻ ഇബ്രാഹിമോവിച്, തിയാഗോ സിൽവ, കവാനി,എംബപ്പെ, നെയ്മർ തുടങ്ങി സൂപ്പർ താരങ്ങളെ വമ്പൻ തുക മുടക്കി പിഎസ്ജി പാരിസിൽ എത്തിക്കുകയായിരുന്നു. സ്ലാത്തന് സാധിക്കാതിരുന്ന പിഎസ്ജിയുടെ സെമി ഫൈനൽ പ്രവേശം എംബപ്പെയും നെയ്മറും അടങ്ങുന്ന പിഎസ്ജി സാധിക്കുകയായിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇതുവരെ ഇറ്റാലിയൻ എതിരാളികളോട് ജയിക്കാൻ സാധിക്കാതിരുന്ന പിഎസ്ജിയുടെ പേരുദോഷം ക്വാർട്ടറിൽ മറികടക്കാൻ തോമസ് ടൂഹലിനും സംഘത്തിനും കഴിഞ്ഞിട്ടുണ്ട്. 24 വർഷങ്ങൾക്ക് മുൻപ് സാധിക്കാതിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടമെന്ന സ്വപ്നം സഫലമാക്കാമെന്ന പ്രതീക്ഷയിലാണ് പിഎസ്ജി ആരാധകർ.

Advertisement