അന്ന് സ്റ്റോക്ക് സിറ്റിക്ക് ഒപ്പം റിലഗേഷൻ, ഇന്ന് ചാമ്പ്യൻസ് ലീഗിലെ പി എസ് ജി ഹീറോ!! ചൗപോ മോടിങ് ആണ് താരം

- Advertisement -

2018ൽ പി എസ് ജി എറിക് മാക്സിം ചൗപോ മോടിംഗിനെ സ്റ്റോക്ക് സിറ്റിയിൽ നിന്ന് വാങ്ങിയപ്പോൾ പി എസ് ജിക്ക് ഈ താരമൊക്കെ എന്തിനാണെന്ന് പലരും വിമർശിച്ചിട്ടുണ്ട്. 2018ൽ സ്റ്റോക്ക് സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് തരം താഴ്തപ്പെട്ടപ്പോൾ ആയിരുന്നു ചൗപോ മോടിങിൻസ് തേടി പി എസ് ജി വന്നത്. ആ സീസണിൽ സ്റ്റോക്കിനു വേണ്ടി ആകെ അഞ്ചു ഗോളുകൾ മാത്രമേ മോടിങ് നേടിയിരുന്നുള്ളൂ. എന്നിട്ടും പി എസ് ജി താരത്തെ വിശ്വാസത്തോടെ വാങ്ങി.

ഇന്ന് 79ആം മിനുട്ടിൽ സാക്ഷാൽ ഇക്കാർഡിയെ പിൻ വലിച്ച് ടൂഹൽ മോടിങിനെ ഇറക്കുമ്പോൾ അറ്റലാന്റ 1-0ന് മുന്നിൽ ആയിരുന്നു. ഇക്കാർഡിയെ പിൻ വലിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാൽ ഇക്കാർഡിക്ക് നേടാൻ ആവാത്ത ഗോൾ മോടിങ് ഇറങ്ങി നേടി. അതും ഇഞ്ച്വറി ടൈമിന്റെ അവസാന സെക്കൻഡുകളിൽ. പി എസ് ജിയുടെ മാസ്മരിക തിരിച്ചുവരവ് പൂർത്തിയാക്കി അവരെ സെമിയിലേക്ക് എത്തിച്ച ഗോൾ.

2014ന് ശേഷം ആദ്യമായാണ് മോടങ് ചാമ്പ്യൻസ് ലീഗിൽ ഒരു ഗോൾ നേടുന്നത്. എങ്കിലും മോടിങിന്റെ കരിയർ അതിന്റെ ഏറ്റവും ഉയരത്തിൽ നിന്ന നിമിഷമായി ഇത് മാറും. 1995ന് ശേഷം ആദ്യമായി ഒരു ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ പി എസ് ജിയെ എത്തിച്ചതിൽ വലിയ ഒരു പങ്കും മോടിങിന് എന്നും അവകാശപ്പെടാം.

Advertisement