ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിൽ ആഴ്സണലിന് മാഞ്ചസ്റ്റർ സിറ്റി എതിരാളികൾ. ലിവർപൂളിനെ പെനാൽട്ടിയിൽ മറികടന്നു ക്വാർട്ടർ ഫൈനലിൽ കടന്ന ആർട്ടറ്റെയുടെ ടീമിന് ക്വാർട്ടർ ഫൈനലിലും കാര്യങ്ങൾ അത്ര എളുപ്പമാവില്ല എന്നുറപ്പ്. ബേർൺലിയെ തോൽപ്പിച്ച് ആണ് മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടർ ഫൈനലിൽ എത്തിയത്. സമീപകാലത്ത് മാഞ്ചസ്റ്റർ സിറ്റിയോടുള്ള പ്രകടനങ്ങൾ മോശമാണ് എങ്കിലും കഴിഞ്ഞ എഫ്.എ കപ്പ് ഫൈനലിൽ പെപ്പ് ഗാർഡിയോളയുടെ ടീമിനെ വീഴ്ത്തിയ ആത്മവിശ്വാസം ആഴ്സണലിന് ഉണ്ട്. അതേസമയം മികച്ച ഫോമിലുള്ള എവർട്ടനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടർ ഫൈനലിൽ നേരിടുക.
ബ്രൈറ്റനെ മറികടന്ന് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടർ ഫൈനലിൽ എത്തിയത്. അതേസമയം വെസ്റ്റ് ഹാമിനെ ആണ് നാലാം റൗണ്ടിൽ ആഞ്ചലോട്ടിയുടെ ടീം വീഴ്ത്തിയത്. ചെൽസിയെ പെനാൽട്ടിയിൽ വീഴ്ത്തി ക്വാർട്ടർ ഫൈനലിൽ എത്തിയ ജോസെ മൗറീന്യോയുടെ ടോട്ടൻഹാമിനു സ്റ്റോക്ക് സിറ്റി ആണ് എതിരാളികൾ. ആസ്റ്റൻ വില്ലയെ അട്ടിമറിച്ച് ആയിരുന്നു സ്റ്റോക്ക് സിറ്റിയുടെ ക്വാർട്ടർ ഫൈനൽ പ്രവേശനം. നാലാം ക്വാർട്ടർ ഫൈനലിൽ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ബ്രെന്റ്ഫോർഡിനെ നേരിടും. ഫുൾഹാമിനെ വീഴ്ത്തിയാണ് ബ്രെന്റ്ഫോർഡ് ക്വാർട്ടർ ഫൈനലിൽ എത്തിയത്, അതേസമയം ന്യൂപോർട്ട് കൗണ്ടിയെ പെനാൽട്ടിയിൽ മറികടന്നാണ് ന്യൂകാസ്റ്റിൽ ക്വാർട്ടർ ഫൈനലിൽ എത്തിയത്.