മത്സരം ബഹിഷ്‌കരിച്ച് ഭരണ സമിതിക്കെതിരെ പ്രതിഷേധവുമായി കനേഡിയൻ പുരുഷ ഫുട്ബോൾ ടീം

Nihal Basheer

വരുമാനമടക്കമുള്ള വിഷയങ്ങളിൽ ദേശീയ ഫെഡറേഷനോട് ഇടഞ്ഞ് കനേഡിയൻ പുരുഷ ഫുട്ബോൾ ടീം. പനാമയുമായി നടക്കേണ്ടിയിരുന്ന സൗഹൃദ മത്സരത്തിൽ നിന്നും ടീം അവസാന നിമിഷം പിന്മാറി. ലോകക്കപ്പ് വഴി ഫിഫയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 40% കളിക്കാർക്കിടയിൽ വീതിക്കുക, സുഹൃത്തുക്കൾക്കും കുടുംബത്തിനും ലോകകപ്പിൽ പങ്കെടുക്കാൻ ഉള്ള പാക്കേജുകൾ അനുവദിക്കുക, വനിതാ ടീമിനും പുരുഷ ടീമിന്റേതിന് തുല്യമായ വരുമാന ഘടന നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കളിക്കാർ ഫെഡറേഷനുമായി ചർച്ചകൾ നടത്തി വരികയായിരുന്നു.

എന്നാൽ പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ മുന്നോട്ടു പോകാത്തതിനാൽ തങ്ങൾ മത്സരം ബഹിഷ്‌കരിച്ചു പ്രതിഷേധിക്കാൻ നിർബന്ധിതരായെന്ന് കളിക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു.മാർച്ച് മാസം മുതൽ ഈ ആവശ്യങ്ങളുമായി തങ്ങൾ ഭാരവാഹികളെ സമീപിച്ചു ചർച്ചക്ക് ക്ഷണിച്ചു എന്നും എന്നാൽ അനുകൂല നിലപാട് ഉണ്ടായില്ലെന്ന് മാത്രമല്ല, കാര്യങ്ങൾ വൈകിപ്പിക്കാൻ ആണ് അവർ ശ്രമിച്ചത് എന്നും കളിക്കാർ ആരോപിച്ചു.
20220606 161655
1986 ന് ശേഷം ആദ്യമായി ലോകകപ്പ് യോഗ്യത നേടിയ ടീം തങ്ങളുടെ ആവശ്യങ്ങൾ തികച്ചും ന്യായമാണെന്ന് വാദിക്കുന്നു. നിലവിൽ ഫിഫയിൽ നിന്നുള്ള ലോകകപ്പ് സംബന്ധമായ വരുമാനത്തിന്റെ 10% മാത്രമാണ് കളിക്കാർക്ക് ലഭിക്കുക.
തങ്ങളുടെ അയൽക്കാർ അമേരിക്ക പുരുഷ വനിതാ ടീമുകൾക്ക് തുല്യ വേതനം നടപ്പാക്കിയതും കനേഡിയൻ കളിക്കാരെ സ്വാധീനിച്ചു.
നേരത്തെ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനവും കഴിഞ്ഞ രണ്ടു ദിവസമായി ടീം ബഹിഷ്കരിച്ചിരുന്നു.