ആർബി ലൈപ്സിഗിന്റെ സ്ട്രൈക്കറായ ബെഞ്ചമിൻ സെസ്കോയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോഴും താൽപ്പര്യമുണ്ട്, പക്ഷേ നിലവിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ആ നീക്കത്തിന് തടസ്സമായി നിൽക്കികയാണ്. വേഗത, ശാരീരികക്ഷമത, ഗോൾ അടിക്കാനുള്ള കഴിവ് എന്നിവയെല്ലാം പരിഗണിച്ച് യുണൈറ്റഡ് ഈ സ്ലൊവേനിയൻ താരത്തിൽ വലിയ പ്രതീക്ഷ വെക്കുന്നുണ്ടെങ്കിലും, ലൈപ്സിഗിന്റെ ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം ഇപ്പോൾ അവരുടെ കൈവശമില്ല.

ഈ സമ്മറിൽ ആഴ്സണലിന്റെ പ്രധാന ലക്ഷ്യമായിരുന്നു സെസ്കോ, പക്ഷെ ഗണ്ണേഴ്സ് വിക്ടർ ഗ്യോകെറസിലേക്ക് ശ്രദ്ധ മാറ്റിയതോടെ സെസ്കോ ഇപ്പോഴും ട്രാൻസ്ഫർ വിൻഡോയിൽ അവൈലബിൾ ആണ്. എന്നിരുന്നാലും, ലൈപ്സിഗിന്റെ കടുപ്പമേറിയ നിലപാടും താരത്തിന്റെ ഉയർന്ന വേതന ആവശ്യങ്ങളും ഈ ഡീൽ സങ്കീർണ്ണമാക്കുന്നു. ഇതേ കാരണങ്ങൾ കൊണ്ടാണ് ആഴ്സണൽ പിന്മാറിയത്.
മാനേജർ റൂബൻ അമോറിം ടീമിനെ ഉടച്ചുവാർക്കാൻ ശ്രമിക്കുന്നതിനാൽ ജേഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോർഡ്, ആന്റണി എന്നിവരെപ്പോലെ അലജാൻഡ്രോ ഗാർണച്ചോയോടും പുതിയ ക്ലബ്ബ് കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഗാർണച്ചോ ഒരു മികച്ച യുവതാരമായതിനാൽ അദ്ദേഹത്തിന് നല്ലൊരു ഓഫർ ലഭിച്ചാൽ, അത് സെസ്കോയെ സ്വന്തമാക്കാൻ യുണൈറ്റഡിന് ഊർജ്ജം നൽകും.
അതുവരെ, റെഡ് ഡെവിൾസ് ഇപ്പോൾ കുറഞ്ഞ ചിലവിൽ മറ്റ് മാർഗ്ഗങ്ങൾ തേടുകയാണ്. പരിചയസമ്പന്നരായ ഫ്രീ ഏജന്റ്സുകളായ കാല്ലം വിൽസൺ, ജാമി വാർഡി, ഡൊമിനിക് കാൽവെർട്ട്-ലെവിൻ എന്നിവരെ യുണൈറ്റഡ് പരിഗണിക്കുന്നുണ്ട്. എന്നാൽ ഇവർക്കാർക്കും ദീർഘകാലത്തേക്ക് ഒരു പരിഹാരം നൽകാൻ കഴിയില്ല. ആസ്റ്റൺ വില്ലയുടെ ഓലി വാട്കിൻസ് മറ്റൊരു സാധ്യതയാണ്, പക്ഷേ അദ്ദേഹത്തിന്റെ പ്രായവും ഫോമും യുണൈറ്റഡ് ബോർഡിനെ പിറകോട്ട് അടുപ്പിക്കുന്നു.
അതേസമയം, സൗദി പ്രോ ലീഗിൽ നിന്നുള്ള ഓഫർ സെസ്കോ നിരസിച്ചു, ഒരു മികച്ച യൂറോപ്യൻ ക്ലബ്ബിൽ തുടരാനാണ് അദ്ദേഹത്തിന് താൽപ്പര്യം. അതുകൊണ്ട് തന്നെ യുണൈറ്റഡിനെപ്പോലുള്ള ക്ലബ്ബുകൾക്ക് ഇദ്ദേഹത്തെ ഇപ്പോഴും സ്വന്തമാക്കാൻ അവസരമുണ്ട്. ഒരു സ്ട്രൈക്കർ, ഒരു മിഡ്ഫീൽഡർ, ഒരു ഗോൾ കീപ്പർ എന്നിവയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി ഈ വിൻഡോയിൽ ലക്ഷ്യമിടുന്ന താരങ്ങൾ.