ഡോർട്ട്മുണ്ട് ഫുട്‌ബോൾ ടീം സഞ്ചരിച്ച ബസ്സിന് നേരെ ബോംബ് ആക്രമണം നടത്തിയ കേസിലെ പ്രതിക്ക് ജർമ്മൻ കോടതി 14 വർഷം തടവ് ശിക്ഷ വിധിച്ചു. 29 വയസ്സുകാരനായ ജർമ്മൻ- റഷ്യൻ ഇരട്ട പൗരത്വമുള്ള സെറേജ് എന്ന പ്രതിക്കാണ് കോടതി ശിക്ഷ വിധിച്ചത്. 2017 ഏപ്രിൽ 11 നാണ് ഡോർട്ട്മുണ്ട് ടീം ബസ് ആക്രമിക്കപ്പെട്ടത്.
ടീമിന്റെ ഹോം ഗ്രൗണ്ടായ സിഗ്നൽ ഇടുന പാർക്കിലേക്ക് പോകവേയാണ് ആക്രമണം അരങ്ങേറിയത്. ആക്രമണത്തിൽ ഡിഫൻഡർ മാർക്ക് ബാർട്രക്ക് കൈക്ക് പൊട്ടൽ ഏറ്റിരുന്നു. ഇതോടെ മത്സരം 24 മണിക്കൂർ നേരത്തേക്ക് മാറ്റി വച്ചിരുന്നു. തുടർന്ന് നടന്ന മത്സരത്തിൽ ഡോർട്ട്മുണ്ട് 3-2 ന് തോറ്റിരുന്നു. ഡോർട്ട്മുണ്ട് ടീമിന്റെ സ്റ്റോക്ക് മൂല്യം തകരാൻ വേണ്ടിയാണ് കൃത്യം ചെയ്തത് എന്ന് പ്രതി സമ്മതിച്ചിരുന്നു. ഇതിൽ നിന്ന് സാമ്പത്തിക ലാഭമുണ്ടാകുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യം.