ഐതിഹാസികമായ കരിയറിന് വിരാമം കുറിച്ച് കൊണ്ട് സെർജിയോ ബസ്ക്വറ്റ്‌സ് സ്പാനിഷ് കുപ്പായത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ലോകകപ്പിലെ തോൽവിയും ദേശിയ ടീമിലേക്ക് പുതിയ കോച്ച് എത്തിയതും താരത്തിന്റെ വിരമിക്കൽ ഉടനെ ഉണ്ടാകും എന്ന സൂചന നൽകിയിരുന്നു. ഒരു ദശാബ്ദത്തിലേറെ ദേശിയ ടീമിന്റെ കുപ്പായത്തിലും ക്ലബ്ബിലും ജേഴ്‌സിയിലും കയ്യടക്കി വെച്ചിരുന്ന “നമ്പർ 5” സ്ഥാനം പുതുതലമുറക്ക് ഒഴിച്ചിട്ടാണ് ബസ്ക്വറ്റ്‌സ് വിട പറയുന്നത്. ഈ സ്ഥാനത്തേക്ക് ഇനി ആരു വരും എന്നാണ് ആരാധകർ ഉറ്റു നോക്കുന്നതും.
വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ടുള്ള തന്റെ സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരം അറിയിച്ചത്. പതിനഞ്ച് വർഷവും 143 മത്സരങ്ങളും നീണ്ട സ്പാനിഷ് ടീമിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കാൻ സമയമായി എന്ന് ബസ്ക്വറ്റ്‌സ് കുറിച്ചു. തനിക്ക് ദേശിയ ടീമിന്റെ വാതിലുകൾ തുറന്ന് തന്ന വിസെന്റെ ഡെൽ ബോസ്കെ, ടീമിനെ പരിശീലിപ്പിച്ച ലോപ്പറ്റ്യുഗി, ഫെർണാണ്ടോ ഹിയെറോ, റോബർട് മോറെനോ എന്നിവർക്കും, അവസാന നിമിഷം വരെ തനിക്ക് ഈ ജേഴ്‌സി ആസ്വാദ്യകരമാക്കിയ ലൂയിസ് എൻറിക്വെ എന്നിവർക്ക് സ്പാനിഷ് ക്യാപ്റ്റൻ നന്ദി അറിയിച്ചു. കൂടാതെ ആരാധകർക്കും, സഹതാരങ്ങൾക്കും ടീമിലെ ഓരോ തട്ടിലുമുള്ള സ്റ്റാഫുകൾക്കും ബസ്ക്വറ്റ്‌സ് തന്റെ പ്രത്യേക നന്ദി അറിയിച്ചു.
എന്നും എല്ലാ തീരുമാനങ്ങൾക്കും പിന്തുണയുമായി കൂടെ നിന്ന കുടുംബത്തെയും അദ്ദേഹം ഓർത്തെടുത്തു. “ദേശിയ ടീമിന്റെ കുപ്പായം അണിയാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. ലോക – യൂറോപ്യൻ കിരീടങ്ങൾ നേടാൻ കഴിഞ്ഞത്, നിരവധി മത്സരങ്ങളിൽ ക്യാപ്റ്റൻ ആയി ഇറങ്ങാൻ സാധിച്ചത്, ഫലം എന്തു തന്നെ ആയാലും അവസാനം വരെ പൊരുതാൻ സാധിച്ചത്, എല്ലാം നേട്ടമായി കാണുന്നു”. ബാസ്ക്വറ്റ്‌സ് പറഞ്ഞു.
ബാഴ്‌സലോണയിൽ എന്ന പോലെ തന്നെ അരങ്ങേറിയ ശേഷം അതുല്യമായ പ്രകടനം ആയിരുന്നു സ്പാനിഷ് ജേഴ്‌സിയിലും ബസ്ക്വറ്റ്‌സിന്റെത്. അവസാന കാലഘട്ടങ്ങളിൽ വേഗതയിൽ കുറവ് വരികയും കാര്യമായ പിഴവുകൾ വരുത്തുകയും ചെയ്തിട്ട് പോലും താരത്തിന് കൃത്യമായ പകരക്കാരെ കണ്ടെത്താൻ കഴിയാതെ പോകുന്നതും സമാനതകൾ ഇല്ലാത്ത താരത്തിന്റെ കേളി ശൈലി കൊണ്ട് കൂടിയാണ്. 2009 ലാണ് ദേശിയ ടീമിനോടൊപ്പം അരങ്ങേറുന്നത്. ലോകകപ്പും യൂറോ കപ്പും നേടാൻ ആയി. 2020ൽ ടീമിന്റെ ക്യാപ്റ്റൻ ആയി. യുവേഫ നാഷൻസ് ലീഗ് ഫൈനലിൽ ഫ്രഞ്ച് പടയോട് തോറ്റ മത്സരത്തിൽ പ്ലെയർ ഓഫ് ദ് മാച്ച് ബാസ്ക്വറ്റ്‌സ് ആയിരുന്നു. മൊറോക്കോക്കെതിരായ പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരം ആയിരുന്നു താരത്തിന്റെ ദേശിയ കുപ്പായത്തിലെ അവസാന മത്സരം.