ബോൾട്ടനു പിറകെ മറ്റൊരു ഇംഗ്ലീഷ് ക്ലബ് കൂടി അടച്ച് പൂട്ടൽ ഭീഷണിയിൽ. ക്ലബിന് പുതിയ ഉടമകളെ കണ്ടത്താൻ ആവാതിരുന്നതോട് കൂടി ക്ലബിനെ ഇംഗ്ലീഷ് ലീഗിൽ നിന്നു പുറത്താക്കിയിരിക്കുകയാണ് അധികൃതർ ഇപ്പോൾ. ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും പഴക്കമുള്ള ക്ലബുകളിൽ ഒന്നായ ബെറി ഫുട്‌ബോൾ ക്ലബിന് ഉടമകളെ കണ്ടത്താനുള്ള അവസാനദിവസം ഇന്നലെ അവസാനിച്ചതോട് കൂടിയാണ് ക്ലബ് ഫുട്‌ബോൾ ലീഗിൽ പുറത്താകുന്നത്. ഇതോടെ ക്ലബ് അടച്ച് പൂട്ടൽ ആണ് ക്ലബിന് മുന്നിലുള്ള വഴി.
ഇപ്പോൾ ഇംഗ്ലീഷ് മൂന്നാം ഡിവിഷൻ ആയ ലീഗ് വണ്ണിൽ കളിക്കുകയായിരുന്ന ബെറി 1885 ൽ ആണ് സ്ഥാപിതമായത്. 1894 മുതൽ ഇംഗ്ലീഷ് ലീഗിൽ കളിച്ചും തുടങ്ങിയ ക്ലബ് എന്നും തങ്ങളുടെ ചരിത്രപ്രസിദ്ധമായ ഗിഗ്ഗ് ലൈൻ ഗ്രൗണ്ടിൽ ആയിരുന്നു എന്നും കളിച്ചത്. ക്ലബിന്റെ ഭാവി തുലാസിൽ ആയതോടെ ക്ലബിന്റെ സ്റ്റേഡിയം ചിലപ്പോൾ വിൽപ്പനക്ക് വെക്കേണ്ട അവസ്ഥ വരും അധികൃതർക്ക്. ക്ലബ് ഏറ്റെടുക്കാൻ ലണ്ടൻ ആസ്ഥാനമായ സി ആന്റ് എൻ സ്പോർട്ടിങ് റിസ്ക് മുന്നോട്ട് വന്നെങ്കിലും അവസാനനിമിഷം അവർ പിന്മാറിയതോട് കൂടെയാണ് ബെറിക്ക് ഈ ദുർവിധി ഉണ്ടായത്. മുൻ ഇന്ത്യൻ നായകനും ഇതിഹാസതാരവുമായ ബെയിച്ചിങ് ബൂട്ടിയ ഒരിക്കൽ കളിച്ച ക്ലബ് കൂടിയാണ് ബെറി ഫുട്‌ബോൾ ക്ലബ്.