ബുണ്ടസ് ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബയേൺ വോൾഫ്സ്ബർഗിനെ പരാജയപ്പെടുത്തിയത്. രണ്ടു ഗോളുകളും ഒരു അസിസ്റ്റുമായി കളിയുടെ ചുക്കാൻ പിടിച്ചത് റോബർട്ട് ലെവൻഡോസ്‌കിയാണ്. ബയേണിന്റെ മൂന്നാം ഗോൾ കൊളംബിയൻ സൂപ്പർ സ്റ്റാർ ഹാമിഷ് റോഡ്രിഗസ് നേടി. വോൾഫ്‌സിന്റെ ആശ്വാസ ഗോൾ നേടിയത് വോട്ട് വേഗസ്റ്റാണ്.
രണ്ടാം പകുതിയിലധികവും പത്തുപേരുമായിട്ടാണ് ബയേൺ കളിച്ചത്. അർജെൻ റോബൻ അൻപത്തിയേഴാം മിനുട്ടിൽ ചുവപ്പ് കണ്ടു പുറത്തു പോയിരുന്നു. രണ്ടു മഞ്ഞക്കാർഡുകൾ വാങ്ങിയാണ് ഫ്ലയിങ് ഡച്ച്മാൻ കളം വിട്ടത്. ആദ്യ പകുതിയിൽ ഡൈവിങ്ങിനു കാർഡ് വാങ്ങിയ റോബൻ രണ്ടാം പകുതിയിൽ റെസ്‌ഹബ്ക്കേജിനെ വീഴ്ത്തി രണ്ടാം മഞ്ഞക്കാർഡും വാങ്ങി. ഈ വിജയത്തോടു കൂടി ബുണ്ടസ് ലീഗയിൽ പോയന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ് ബയേൺ.