ബയേൺ മ്യൂണിക്കിൽ നിന്നും ഹാൻസി ഫ്ലിക്ക് പടിയിറങ്ങുന്നു

Images (16)
- Advertisement -

ബയേൺ മ്യൂണിക്കിൽ നിന്നും പരിശീലകൻ ഹാൻസി ഫ്ലിക്ക് പടിയിറങ്ങുന്നു. ചുമതലയേറ്റ് 18 മാസങ്ങൾക്ക് ശേഷമാണ് ഹാൻസി ഫ്ലിക്ക് ബവേറിയയിൽ നിന്നും മടങ്ങുന്നത്. ജർമ്മനിയിൽ കിതച്ചു കൊണ്ടിരുന്ന ബയേൺ മ്യൂണിക്കിനെ യൂറോപ്യൻ ചാമ്പ്യന്മാരാക്കിയതിന് ശേഷമാണ് ഫ്ലിക്കിന്റെ മടക്കം. വോൾഫ്സ്ബർഗിനെതിരായ മത്സരത്തിന് ശേഷം ജർമ്മൻ ടെലിവിഷനിലൂടെയാണ് ഫ്ലിക്ക് തന്റെ തീരുമാനം പ്രഖ്യാപിച്ചത്.

ഈ സീസണിന്റെ അവസാനമായിരിക്കും ഫ്ലിക്ക് ബയേണിന്റെ കോണ്ട്രാക്റ്റ് അവസാനിപ്പിക്കുന്നത്. ഈ ദശാബ്ദത്തിലെ രണ്ടാം ട്രെബിൾ ബയേണിന് സ്വന്തമാക്കാൻ ഫ്ലിക്ക് സഹായിച്ചു. ചാമ്പ്യൻസ് ലീഗടക്കം ആറിൽ ആറ് കിരീടങ്ങളുമായാണ് ബയേൺ മ്യൂണിക്ക് ഈ സീസൺ ആരംഭിച്ചത്. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയോടേറ്റ പരാജയത്തിന് പിന്നാലെ തന്റെ തീരുമാനം ക്ലബ്ബിനെ അറിയിച്ചതായും ഫ്ലിക്ക് കൂട്ടിച്ചേർത്തു. യൂറോ കപ്പിന് ശേഷം ജർമ്മൻ ദേശീയ പരിശീലകനാകാൻ ഫ്ലിക് എത്തുമെന്നാണ് ജർമ്മനിയിൽ നിന്നുമുള്ള റിപ്പോർട്ടുകൾ.

തന്റെ ഭാവിയെ കുറിച്ച് കൂടുതലൊന്നും ഫ്ലിക്ക് തുറന്ന് പറഞ്ഞിട്ടില്ല. ബയേൺ മ്യുണിക്ക് നിലവിലെ ലെപ്സിഗ് പരിശീലകനായ ജൂലിയൻ നൈഗൽസ്മാനെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. റാൽഫ് റാഗ്നിക്, ആഴ്സൻ വെങ്ങൻ, അല്ലെഗ്രി എന്നിവരുടെ പേരുകളും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. തകർച്ചയുടെ വക്കിൽ നിന്നും ബയേൺ മ്യൂണിക്കിനെ യൂറോപ്പിലെ കരുത്തന്മാരാക്കിയാണ് മുൻ ബയേൺ താരം കൂടിയായ ഫ്ലിക്ക് പടിയിറങ്ങുന്നത്.

Advertisement