റിവിയർ ഡെർബിയിൽ ഷാൽകെയെ പരാജയപ്പെടുത്തി ബൊറൂസിയ ഡോർട്ട്മുണ്ട്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ബുണ്ടസ് ലീഗ ജയം. ഈ വിജയത്തോടു കൂടി ലീഗയിൽ ഒന്നാമതുള്ള ഡോർട്ട്മുണ്ട് പോയന്റ് നിലയിൽ ലീഡ് ഒൻപതാക്കി. നിലവിലെ ചാമ്പ്യന്മാരായ ബയേണാണ് രണ്ടാം സ്ഥാനത്ത്. തോമസ് ഡിലെനിയും യുവതാരം ജേഡൻ സാഞ്ചോയും ഡോർട്ട്മുണ്ടിനായി ഗോളടിച്ചപ്പോൾ ഷാൽകെയുടെ ആശ്വാസ ഗോൾ നേടിയത് കലിഗുയിരിയാണ്.
യുവതാരം ജേഡൻ സാഞ്ചോയുടെ ഗോളാണ് റിവിയർ ഡെർബി ഡോർട്ട്മുണ്ടിനനുകൂലമാക്കിയത്. മൂന്ന് വർഷത്തിന് ശേഷമാണ് റിവിയർ ഡെർബിയിൽ ജയം ഡോർട്ട്മുണ്ട് സ്വന്തമാക്കിയത്. ഈ സീസണിലെ ആറാം ഗോളാണ് ഇംഗ്ലീഷ് യുവതാരം സ്വന്തമാക്കിയത്. ക്യാപ്റ്റൻ മാർക്കോ റീയൂസിന്റെ ഫ്രീ കിക്ക് ഉപയോഗപ്പെടുത്തി ഏഴാം മിനുട്ടിൽ ഡോർട്ട്മുണ്ട് ലീഡ് നേടി.
അമിൻ ഹാരിറ്റിനെ വീഴ്ത്തിയ റിയൂസ് ആണ് ഷാൽകെക്ക് അനുകൂലമായ പെനാൽറ്റിക്ക് കാരണം. ആദ്യം റഫറി അനുവദിക്കാതിരുന്നെങ്കിലും പിന്നീട് വീഡിയോ അസിസ്റ്റന്റ് റഫറി ഗോൾ അനുവദിക്കുകയായിരുന്നു. ഷാൽകെക്ക് എതിരെയുള്ള ആദ്യ ഗോൾ നേടി ഡോർട്മുണ്ടിന്റെ വിജയം സാഞ്ചോ ഉറപ്പിച്ചു.