പഴയ ക്ലബിന് എതിരെ മാർകോ റോസിന്റെ പ്രതികാരം! ബുണ്ടസ് ലീഗയിൽ ഡോർട്ട്മുണ്ടിനെ തകർത്തു ലൈപ്സിഗ്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ആർ.ബി ലൈപ്സിഗ് പരിശീലകൻ ആയി സ്ഥാനം ഏറ്റെടുത്ത ആദ്യ മത്സരത്തിൽ തന്നെ മികച്ച തുടക്കവും ആയി മാർകോ റോസ്. മാർകോ റോസിന്റെ മുൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് ആർ.ബി ലൈപ്സിഗ് തകർത്തത്. ചാമ്പ്യൻസ് ലീഗിലെ നാണക്കേട് മായിക്കുന്ന പ്രകടനം ആണ് ലൈപ്സിഗ് ഇന്ന് പുറത്ത് എടുത്തത്. പന്ത് കൈവശം വക്കുന്നതിൽ ഡോർട്ട്മുണ്ട് മുന്നിട്ട് നിന്നെങ്കിലും അവർക്ക് ഒരു ഷോട്ട് പോലും ലക്ഷ്യത്തിലേക്ക് അടിക്കാൻ പോലും മത്സരത്തിൽ ആയില്ല.

ബുണ്ടസ് ലീഗ

മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ലൈപ്സിഗ് മത്സരത്തിൽ മുന്നിലെത്തി. ഡൊമിനിക് സോബോസ്ലയിയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ വില്ലി ഓർബാൻ ആണ് ഡോർട്ട്മുണ്ട് വല കുലുക്കിയത്. ആദ്യ പകുതിക്ക് തൊട്ട് മുമ്പ് മുഹമ്മദ് സിമകന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ഉതിർത്ത ഒരു അതുഗ്രൻ ഷോട്ടിലൂടെ ഡൊമിനിക് സോബോസ്ലയി ലൈപ്സിഗിന് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ 84 മത്തെ മിനിറ്റിൽ തിമോ വെർണറുടെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ അമദൗ ഹൈദാരയാണ് ലൈപ്സിഗ് ജയം പൂർത്തിയാക്കിയത്.

ബുണ്ടസ് ലീഗ

ജയത്തോടെ സീസണിൽ മോശം തുടക്കം ലഭിച്ച ലൈപ്സിഗ് പത്താം സ്ഥാനത്തേക്ക് കയറി. അതേസമയം ജയിച്ചാൽ ഒന്നാമത് എത്തുമായിരുന്ന ഡോർട്ട്മുണ്ട് ഇപ്പോൾ നാലാം സ്ഥാനത്ത് ആണ്. ലീഗിലെ മറ്റൊരു മത്സരത്തിൽ എഫ്.സി മൈൻസിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത ഹോഫൻഹെയിം ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. മാക്സൻസ് ലാക്രോയികിസിന്റെ ഏക ഗോളിന് വോൾവ്സ്ബർഗ് ഫ്രാങ്ക്ഫർട്ടിനെ മറികടന്നപ്പോൾ ഹെർത്ത ബെർലിൻ, ബയേർ ലെവർകുസൻ മത്സരം 2-2 നു സമനിലയിൽ പിരിഞ്ഞു. സീസണിൽ വളരെ മോശം തുടക്കം ലഭിച്ച ലെവർകുസൻ നിലവിൽ ലീഗിൽ 16 സ്ഥാനത്ത് ആണ്.