ബുണ്ടസ് ലീഗയിൽ കിരീടപ്പോരാട്ടം അവസാനിക്കുന്നില്ല. ബയേൺ മ്യൂണിക്ക് സമനിലയിൽ കുരുങ്ങിയപ്പോൾ പൊരുതി ജയിച്ചു ബൊറൂസിയ ഡോർട്ട്മുണ്ട്. ഫോർച്യൂണ ദാസൽഡോർഫിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. ബൊറൂസിയ ഡോർട്ട്മുണ്ട് ഇന്ന് പരാജയപ്പെട്ടിരുന്നെങ്കിൽ ബയേൺ മ്യൂണിക്ക് ഇന്ന് കിരീടമുയർത്തുമായിരുന്നു. ബയേണിന്റെ രണ്ടു പോയന്റ് പിന്നിലായി രണ്ടാം സ്ഥാനം ഉറപ്പിക്കാൻ ഡോർട്ട്മുണ്ടിന് സാധിച്ചു. സമനില നേടാൻ ലഭിച്ച പെനാൽറ്റി ഫോർച്യൂണ നഷ്ടപ്പെടുത്തുകയും ചെയ്തു.
ഡോർട്ട്മുണ്ടിന് വേണ്ടി പുലിസിച്ചും ദിലിനിയും ജർമ്മനിയുടെ ലോകകപ്പ് ഹീറോ മരിയോ ഗോറ്റ്സെയുമാണ് ഗോളടിച്ചത്. ഫോർച്യൂണയ്ക്ക് വേണ്ടി ഒലിവർ ഫിൻകും ഡേവിഡ് കോവനാക്കിയുമാണ് ഗോളടിച്ചത്. 82 ആം മിനുട്ടിൽ ആദം ബോഡ്‌സെക്ക് ചുവപ്പ് കണ്ടു പുറത്താവുകയും ചെയ്തു. ഇഞ്ചുറി ടൈമിൽ ഇരട്ട ഗോളുകൾ പിറന്നത് മത്സരം ആവേശകരമായി. ബൊറൂസിയ മോഷൻ ഗ്ലാഡ്ബാക്കാണ് അവസാന മത്സരത്തിൽ ഡോർട്ട്മുണ്ടിന്റെ എതിരാളികൾ.