ബുണ്ടസ് ലീഗയിൽ ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് മറികടന്ന് മൈൻസ്. മത്സരത്തിൽ 66 ശതമാനം സമയവും പന്ത് കൈവശം വച്ചിട്ടും വലിയ അവസരങ്ങൾ മത്സരത്തിൽ തുറക്കാൻ ആവാത്തത് ആണ് ഫ്രാങ്ക്ഫർട്ടിനു വിനയായത്. 43 മത്തെ മിനിറ്റിൽ മൂസ നിയഖാറ്റയുടെ ഹെഡർ ഗോളിൽ മുന്നിലെത്തിയ മൈനസ് രണ്ടാം പകുതിയിൽ 77 മിനിറ്റിൽ പിയരെ കുണ്ടെയുടെ ഗോളിൽ ജയം ഉറപ്പിച്ചു. തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന മൈൻസിന് ഇത് നിർണായക ജയം ആയി. ഇതോടെ 31 പോയിന്റും ആയി 15 സ്ഥാനത്ത് എത്തി. 35 പോയിന്റുകൾ ഉള്ള ഫ്രാങ്ക്ഫർട്ട് ലീഗിൽ 11 മത് ആണ്.
അതേസമയം ഫോർച്ചുന ദുസൽദോർഫിനോട് 2-2 നു സമനില വഴങ്ങി ഹോഫൻഹെയിം. അഞ്ചാം മിനിറ്റിൽ ഹെന്നിംഗ്സിലൂടെ ഫോർച്ചുന ആണ് ആദ്യം മുന്നിലെത്തിയത്. 9 മിനിറ്റിൽ ബെഞ്ചമിൻ ഹെബ്നർ ചുവപ്പ് കാർഡ് കണ്ടത് ഹോഫൻഹെയിമിനെ തളർത്തി. എങ്കിലും 16 മിനിറ്റിൽ മുനാസ് ദുബാർ അവർക്ക് സമനില ഗോൾ നൽകി. രണ്ടാം പകുതിയിൽ 61 മിനിറ്റിൽ സ്റ്റീഫൻ സുബർ അവർക്ക് ലീഡും സമ്മാനിച്ചു. എന്നാൽ 76 മിനിറ്റിൽ പെനാൽട്ടിയിലൂടെ ഹെന്നിംഗ്സ് ഫോർച്ചുനക്ക് നിർണായകമായ ഒരു പോയിന്റ് സമ്മാനിച്ചു. ലീഗിൽ ഹോഫൻഹെയിം ആറാമതും, തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ഫോർച്ചുന 16 മതും ആണ്.













