ബുണ്ടസ് ലീഗയിൽ വമ്പൻ തിരിച്ച് വരവ് നടത്തി ബയേൺ മ്യൂണിക്ക്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ വഴങ്ങിയ ബയേൺ മ്യൂണിക്ക് പിന്നീട് അഞ്ച് ഗോളടിച്ചാണ് തിരിച്ച് വന്നത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് മെയിൻസിനെ പരാജയപ്പെടുത്തിയത്. ഇത് തുടർച്ചയായ എട്ടാം തവണയാണ് പിന്നിൽ നിന്നും തിരിച്ച് വരുന്നത്.
ആദ്യ പകുതിയിൽ ബയേൺ പ്രതിരോധം ദുർബലമായപ്പോൾ 32ആം മിനുട്ടിൽ ബുർകാർട് ഒരു വോളിയിലൂടെ മെയിൻസിന്റെ ആദ്യ ഗോളടിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കും മുൻപ് ഹാക്കിലൂടെ മെയിൻസ് ലീഡ് രണ്ടായി ഉയർത്തി. പവാർഡിനേയും ബോട്ടാങ്ങിനേയും തിരികെ വിളിച്ച് സുലേയേയും ഗോരെട്സ്കയേയും ഇറക്കി ഹാൻസി ഫ്ലിക് കളിയുടെ ഗതി മാറ്റി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജോഷ്വാ കിമ്മിഷിലൂടെ ബയേൺ തിരിച്ചടിച്ചു. ലെവൻഡോസ്കി നൽകിയ പാസ് കിമ്മിഷ് വലയിലെത്തിച്ചു.
ഡച്ച് ഇതിഹാസം ആർജൻ റോബനെ ഓർപ്പിക്കും വിധം രണ്ടാം ഗോളുമായി ലെറോയ് സാനെയെത്തി. അൽഫോൺസോ ഡേവിസിന്റെ ക്രോസ് മെയിൻസിന്റെ സെൽഫ് ഗോളായെങ്കിലും വാർ മെയിൻസിന്റെ രക്ഷക്കെത്തി. എന്നാൽ നിക്ലാസ് സുലേ ബയേണിന്റെ ലീഡുയർത്തി. സെർജ് ഗ്നാബ്രിയെ വീഴ്ത്തിയതിന് ലഭിച്ച ഗോൾ വലയിലാക്കി ലെവൻഡോസ്കി ബയേനീന്റെ ലീഡ് ഉയർത്തി. കളി അവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ തോമസ് മുള്ളർ റോബർട്ട് ലെവൻഡോസ്കിയുടെ ഈ സീസണിലെ 19ആം ഗോളിനും വഴിയൊരുക്കി.