അരങ്ങേറ്റത്തിൽ ഹാട്രിക് ഹീറോ ഹാലൻഡ് !!, ഡോർട്ട് മുണ്ടിന് ആവേശ ജയം

- Advertisement -

അരങ്ങേറ്റം ഹാട്രിക് കൊണ്ട് അലങ്കരമാക്കിയ ഏർലിംഗ്‌ ഹാലൻഡ് കളം നിറഞ്ഞു കളിച്ചപ്പോൾ ബുണ്ടസ് ലീഗെയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് ഗംഭീര ജയം. ഓക്‌സ്ബെർഗിനെ 5-3 ന് തകർത്താണ് അവർ 3 പോയിന്റ് സ്വന്തമാക്കിയത്. 3-1 ന് പിറകിൽ പോയ ശേഷമാണ് ഡോർട്ട്മുണ്ട് വിജയം പിടിച്ചു വാങ്ങിയത്. കളിയിൽ സബ് ആയി ഇറങ്ങിയാണ് ഈ മാസം ടീമിൽ എത്തിയ നോർവീജിയൻ വണ്ടർ ബോയ് ഹാട്രിക് കുറിച്ചത്.

സ്വന്തം മൈതാനത്ത് ഗംഭീര തുടക്കമാണ് ഓക്‌സ്ബർഗ് നേടിയത്. ആദ്യ പകുതിയിൽ ഫ്ലോറിയാന്റെ ഗോളിൽ ലീഡ് എടുത്ത അവർ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മാർക്കോ റിച്ചറിലൂടെ ലീഡ് രണ്ടാക്കി. പിന്നെ ജൂലിയൻ ബ്രാന്റ് ഡോർട്ട് മുണ്ടിന് വേണ്ടി ഒരു ഗോൾ മടക്കിയെങ്കിലും 55 മിനുട്ടിൽ വീണ്ടും ഫ്ലോറിയാന്റെ ഗോളിൽ അവർ സ്കോർ 3-1 ആക്കി. ഇതോടെ ഡോർട്ട്മുണ്ട് ഉണർന്നപ്പോൾ പിറന്നത് ബുണ്ടസ് ലീഗെയിലെ തന്നെ ഏറ്റവും അവിസ്മരണീയമായ തിരിച്ചു വരവാണ്. 56 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ഹാലൻഡ് 3 മിനുട്ട് കൊണ്ട് തന്നെ തന്റെ ആദ്യ ഗോൾ നേടി. പിന്നീട് 61 ആം മിനുട്ടിൽ സാഞ്ചോ ആണ് സ്കോർ 3-3 ആക്കി മാറ്റിയത്. പിന്നീട് 70, 79 മിനുട്ടുകളിൽ കൂടെ ഗോൾ നേടി താരം തന്റെ ഹാട്രിക് പൂർത്തിയാക്കി.

Advertisement