ജർമ്മൻ ബുണ്ടസ് ലീഗയിൽ സ്റ്റുഗാർട്ടിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തു ബൊറൂസിയ ഡോർട്ട്മുണ്ട്. ജയത്തോടെ അവർ നാലാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ സ്റ്റുഗാർട്ട് 16 സ്ഥാനത്തേക്ക് വീണു. യുവതാരങ്ങൾ ആണ് ഡോർട്ട്മുണ്ടിന് വലിയ ജയം ഒരുക്കിയത്. വലിയ ഡോർട്ട്മുണ്ട് ആധിപത്യം കണ്ട മത്സരത്തിൽ രണ്ടാം മിനിറ്റിൽ തന്നെ അവർ മുന്നിലെത്തി. നികാളസ് സുലെയുടെ പാസിൽ നിന്നു ജൂഡ് ബെല്ലിങ്ഹാം ആണ് അവർക്ക് ആയി ഗോൾ നേടിയത്, ജനുവരിക്ക് ശേഷമുള്ള യുവതാരത്തിന്റെ ആദ്യ ലീഗ് ഗോൾ ആയിരുന്നു ഇത്. 13 മത്തെ മിനിറ്റിൽ റാഫേൽ ഗുയിയേരയുടെ പാസിൽ നിന്നു സുലെ ഡോർട്ട്മുണ്ടിന് രണ്ടാം ഗോൾ സമ്മാനിച്ചു.
ആദ്യ പകുതിക്ക് തൊട്ടു മുമ്പ് യൂസഫോ മൗകോകയുടെ പാസിൽ നിന്നു ജിയോവാണി റെയ്ന ഡോർട്ട്മുണ്ടിന് മൂന്നാം ഗോളും നേടി നൽകി. രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ ബെല്ലിങ്ഹാം ഡോർട്ട്മുണ്ടിന്റെ വലിയ ജയം ഉറപ്പിച്ചു. നികോ സ്‌കളോറ്റർബെക്കിന്റെ പാസിൽ നിന്നായിരുന്നു ഇംഗ്ലീഷ് യുവതാരം തന്റെ രണ്ടാം ഗോൾ നേടിയത്. 73 മത്തെ മിനിറ്റിൽ റാഫേൽ ഗുയിയേരയുടെ പാസിൽ നിന്നു ഗോൾ നേടിയ യൂസഫോ മൗകോകയാണ് ഡോർട്ട്മുണ്ടിന്റെ വലിയ ജയം പൂർത്തിയാക്കിയത്. അവസാന നിമിഷം നികോ ഫെയിഫർ സ്റ്റുഗാർട്ടിനു ആയി ആശ്വാസഗോൾ നേടിയെങ്കിലും വാർ അത് ഓഫ് സൈഡ് ആണെന്നി കണ്ടത്തുക ആയിരുന്നു.