ഹാളണ്ടിന്റെ ഇരട്ട ഗോളും ഡിബ്രുയിനെയുടെ ലോങ് റേഞ്ചറും, സിറ്റി വിജയ വഴിയിൽ

Picsart 22 10 22 21 10 55 012

ഹാളണ്ടിന്റെ ഗോളടി തുടരുകയാണ്.ഇന്ന് പ്രീമിയർ ലീഗ ബ്രൈറ്റന്റെ ശക്തമായ പോരാട്ടം മറികടന്ന് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത് എർലിങ് ഹാളണ്ടിന്റെ ഇരട്ട ഗോളുകളുടെ ബലത്തിൽ ആയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് സിറ്റി ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ വിജയിച്ചത്. ആദ്യ പകുതിയിൽ തന്നെ ഹാളണ്ട് രണ്ടു ഗോളുകൾ സ്കോർ ചെയ്തിരുന്നു.

22ആം മിനുട്ടിൽ എഡേഴ്സൺ നൽകിയ ഒരു ലോങ് ബോളിൽ നിന്നായിരുന്നു ഹാളണ്ടിന്റെ ആദ്യ ഗോൾ. ഹാളണ്ടിൽ നിന്ന് പന്ത് കൈക്കലാക്കാൻ ബ്രൈറ്റൺ ഡിഫൻസ് ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. ഇതിനു ശേഷം ഒരു പെനാൾട്ടിയിലൂടെ 43ആം മിനുട്ടിൽ സിറ്റി ലീഡ് ഇരട്ടിയാക്കി. ബെർണാഡോ സിൽവ നേടിയ പെനാൾട്ടി ഹാളണ്ട് ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. ഹാളണ്ടിന്റെ പതിനേഴാം ലീഗ് ഗോളായി ഇത്.

Picsart 22 10 ഹാളണ്ട് സിറ്റി 21 11 28 815

രണ്ടാം പകുതിയിൽ ട്രൊസാർഡിന്റെ ഒരു ഷോട്ട് നിയർ പോസ്റ്റിൽ എഡേഴ്സണെ കീഴ്പ്പെടുത്തി. സ്കോർ 2-1 എന്നായി. ഇത് ബ്രൈറ്റണ് പ്രതീക്ഷ നൽകി. എന്നാൽ 75ആം മിനുട്ടിലെ ഡി ബ്രുയിനെയുടെ ഒരു ലോങ് റേഞ്ചർ സിറ്റിയുടെ വിജയം ഉറപ്പിച്ചു.

സിറ്റി 11 മത്സരങ്ങളിൽ 26 പോയിന്റുമായി ലീഗിൽ രണ്ടാമത് നിൽക്കുന്നു. ബ്രൈറ്റൺ 15 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ഉള്ളത്.