മൂന്ന് തവണ പിറകിൽ പോയിട്ടും തളർന്നില്ല, ഡോർട്മുണ്ടിന് ത്രില്ലിങ് വിജയം

ബുണ്ടസ് ലീഗയിൽ ഇന്ന് കണ്ടത് ഒരു ത്രില്ലർ തന്നെ ആയിരുന്നു. ഇന്ന് ബയർ ലെവർകൂസനെ അവരുടെ ഗ്രൗണ്ടിൽ ചെന്ന് നേരിട്ട ഡോർട്മുണ്ട് മൂന്ന് തവണയാണ് ഇന്ന് പിറകിൽ പോയത്. എന്നിട്ടും 4-3ന്റെ വിജയ സ്വന്തമാക്കാൻ ഡോർട്മുണ്ടിനായി. പതിവു പോലെ ഇരട്ട ഗോളുകളുമായി ഹാളണ്ട് തന്നെ ആയിരുന്നു ഡോർട്മുണ്ടിന്റെ ഹീറോ. മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ വിർട്സിലൂടെ ആണ് ലെവർകൂസൻ ലീഡ് എടുത്തത്. 37ആം മിനുട്ട് വരെ ആ ലീഡ് നീണ്ടു നിന്നു. 37ആം മിനുട്ടിൽ ഹാളണ്ട് ഡോർട്മുണ്ടിനെ ഒപ്പം എത്തിച്ചു.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ചെക്ക് സ്ട്രൈക്കർ പാട്രിക് ഷിക്ക് ലെവർകൂസനെ വീണ്ടും മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡോർട്മുണ്ട് വീണ്ടും സമനില പിടിച്ചു. ഇത്തവണ ഹാളണ്ടിന്റെ അസിസ്റ്റിൽ നിന്ന് ബ്രാൻഡിറ്റ് ആണ് ഗോൾ നേടിയത്. 55ആം മിനുട്ടിൽ ഡിയാബിയിലൂടെ വീണ്ടും ലെവർകൂസൻ മുന്നിൽ. സ്കോർ 3-2

ഇത്തവണ 71ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു ഡോർട്മുണ്ടിന്റെ സമനില ഗോളിന്. ഫുൾബാക്കായ ഗുറേറോ ആണ് ഡോർട്മുണ്ട് രക്ഷകനായി എത്തിയത്. സ്കോർ 3-3. പിന്നെ വിജയ ഗോളിനായുള്ള കാത്തിരിപ്പായി. അവസാനം ഒരു പെനാൾട്ടിയിലൂടെ ഹാളണ്ട് ഡോർട്മുണ്ട് ജയം ഉറപ്പിച്ചു. ഈ വിജയത്തോടെ ഡോർട്മുണ്ടിന് നാലു മത്സരങ്ങളിൽ നിന്ന് 9 പോയിന്റായി.