ബെയർസ്റ്റോയുടെ പകരക്കാരനെ പ്രഖ്യാപിച്ച് സൺറൈസേഴ്‌സ്

ഐ.പി.എല്ലിൽ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് താരം ജോണി ബെയർസ്റ്റോയുടെ പകരക്കാരനെ പ്രഖ്യാപിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ്. വെസ്റ്റിൻഡീസ് താരം ഷെർഫെൻ റൂഥർഫോർഡിനെയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഇന്ത്യയിൽ നടന്ന ആദ്യ ഘട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമായിരുന്നു ജോണി ബെയർസ്റ്റോ.

നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനും മുംബൈ ഇന്ത്യൻസിനും വേണ്ടി കളിച്ചിട്ടുള്ള താരമാണ് റുഥർഫോർഡ്. വെസ്റ്റിൻഡീസിന് വേണ്ടി 6 ടി20 മത്സരങ്ങൾ കളിച്ച റുഥർഫോർഡ് 43 റൺസും 1 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കരീബിയൻ പ്രീമിയർ ലീഗിൽ റുഥർഫോർഡ് മികച്ച ഫോമിലാണ്. 136 സ്ട്രൈക്ക് റേറ്റോടെ താരം 201 റൺസ് എടുത്തിട്ടുണ്ട്. സെപ്റ്റംബർ 22ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മത്സരം.