ബുണ്ടസ് ലീഗയിലെ കിരീടപ്പോരാട്ടത്തോട് വിട പറഞ്ഞ് ബൊറുസിയ ഡോർട്ട്മുണ്ട്. ഇന്ന് വേർഡർ ബ്രെമനോട് സമനില വഴങ്ങിയാണ് ഡോർട്ട്മുണ്ട് കിരീടം കൈവിട്ടത്. സമീപകാലത്ത് എങ്ങുമ്മില്ലാത്തവണ്ണം കിരീടത്തോടടുത്തിരുന്നു ബൊറുസിയ ഡോർട്ട്മുണ്ട്. ബയേൺ മ്യൂണിക്കിന്റെ സീസണിന്റെ തുടക്കത്തിലെ മോശം പ്രകടനം മുതലാക്കിയ ഡോർട്ട്മുണ്ടിന് ഈ വർഷം ആ ഫോം നിലനിർത്തനായില്ല.
ഇരു ഗോളുകൾ വീതമടിച്ചാണ് ഡോർട്ട്മുണ്ടും വേർഡർ ബ്രെമനും കളി അവസാനിപ്പിച്ചത്. ഒരു വെടിക്കെട്ട് സോളോ ഗോളിലൂടെ ക്രിസ്റ്റ്യൻ പുളിസിചാണ് ഡോർട്ട്മുണ്ടിനെ ആദ്യം മുന്നിലെത്തിച്ചത്. ഏഴാം മിനുറ്റിലെ ലോകോത്തര ഗോൾ പിറന്നപ്പോൾ കിരീടപ്പോരാട്ടം വീണ്ടും ആവേശകരമാകുമെന്നുറപ്പായിരുന്നു. ആദ്യ പകുതി അവസാനിക്കും മുൻപ് 41 ആം മിനുറ്റിൽ പാക്കോ അൽക്കാസറിലൂടെ ഡോർട്ട്മുണ്ട് ലീഡ് രണ്ടായി ഉയർത്തി.
എന്നാൽ രണ്ടാം പകുതിയിൽ വെർഡർ ബ്രെമന് സ്വന്തമായിരുന്നു. രണ്ട് ഗോളുകൾ അടിച്ച് വെർഡർ മത്സരം തങ്ങളുടേതാക്കി. ആദ്യം മോഹ്വാളിലൂടെ ഒന്ന് തിരിച്ചടിച്ച വെർഡർ വെറ്ററൻ താരം പിസാറോയിലൂടെ സമനില ഗോളും നേടി. പിസാറോയുടെ വെർഡർ ബ്രമന് വേണ്ടിയുള്ള 150 ആം ഗോളായിരുന്നത്. വേർഡർ ബ്രെമന്റെ മുൻ ബയേൺ താരം ക്ലൗഡിയോ പിസാറോയുടെ ഗോൾ ചെന്നത് ഓരോ ഡോർട്ട്മുണ്ട് ആരധകന്റെയും നെഞ്ചിലേക്കാണ്. നാല് പോയന്റ് ലീഡുമായി കിരീടത്തിലേക്ക് കുതിക്കുകയാണിപ്പോൾ ബയേൺ മ്യൂണിക്ക്.