ബുണ്ടസ് ലീഗയിൽ ബെർലിനിൽ നടന്ന സൂപ്പർ ത്രില്ലറിൽ ബൊറൂസിയ ഡോർട്ട്മുണ്ടിന് ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഹെർത്താ ബെർലിൻ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. രണ്ടു തവണ പിന്നിൽ നിന്നും പൊരുതിയാണ് ഡോർട്ട്മുണ്ട് ജയം സ്വന്തമാക്കിയത്. ക്യാപ്റ്റൻ മാർക്കോ റൂയിസിന്റെ ഗോളാണ് സമനിലക്കുരുക്ക് അഴിച്ച് ഡോർട്ട്മുണ്ടിനനുകൂലമാക്കിയത്. തോമസ് ഡിലീനി, സഗോടു, റൂയിസ് എന്നിവർ ബൊറൂസിയ ഡോർട്ട്മുണ്ടിന് വേണ്ടിയും ഹെർത്തയ്ക്ക് വേണ്ടി ഇരട്ട ഗോളുകൾ സലാമോൻ കലോയും നേടി.
രണ്ടു ചുവപ്പ് കാർഡ് പിറന്ന മത്സരത്തിൽ ഒൻപത് പേരുമായിട്ടാണ് ഹെർത്ത കളി അവസാനിപ്പിച്ചത്. രണ്ടാം പകുതിയിലെ മികച്ച പ്രകടനമാണ് ഡോർട്ട്മുണ്ടിനെ മത്സരത്തിൽ തിരികെയെത്തിച്ചത്. ഈ മത്സരത്തിൽ മാത്രമല്ല ബുണ്ടസ് ലീഗയിലെ കിരീടപ്പോരാട്ടത്തിലേക്കുമാണ് ഡോർട്ട്മുണ്ട് കുതിച്ച് കയറിയത്. ഈ ജയത്തോടെ അറുപത് പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്താണ് ഡോർട്ട്മുണ്ട്. ഒരു മത്സരം കുറവ് കളിച്ച ബയേണിന് 57 പോയന്റാണുള്ളത്. മെയിൻസിനെതിരായ മത്സരത്തിൽ അട്ടിമറി നടന്നില്ലെങ്കിൽ ബയേൺ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കും.