ജർമ്മൻ ബുണ്ടസ് ലീഗയിൽ ആർ.ബി ലൈപ്സിഗിലേക്കുള്ള തിരിച്ചു വരവിൽ ഗോളുമായി തിമോ വെർണർ. എന്നാൽ ചെൽസിയിൽ നിന്നു തിരിച്ചെത്തിയ വെർണർ ഗോൾ നേടിയിട്ടും എഫ്.സി കോളിന് എതിരായ മത്സരത്തിൽ ലൈപ്സിഗ് 2-2 ന്റെ സമനില വഴങ്ങി. ഡാനി ഓൽമയുടെ ഗോൾ വാർ നിഷേധിച്ച ശേഷം 36 മത്തെ മിനിറ്റിൽ ആയിരുന്നു വെർണറിന്റെ ഗോൾ. നാലു മിനിറ്റിനുള്ളിൽ ഫ്ലോറിയൻ ഡിയറ്റ്സിലൂടെ കോളിൻ തിരിച്ചടിച്ചു. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ഡൊമിനിക് സൊബോസ്ലായി ചുവപ്പ് കാർഡ് കണ്ടതോടെ ലൈപ്സിഗ് 10 പേരായി ചുരുങ്ങി. എങ്കിലും 56 മത്തെ മിനിറ്റിൽ ഡാനി ഓൽമയുടെ പാസിൽ നിന്നു ക്രിസ്റ്റഫർ എങ്കുങ്കു ലൈപ്സിഗിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ 72 മത്തെ മിനിറ്റിലെ ജോസ്കോ ഗവാർഡിയോളിന്റെ സെൽഫ് ഗോൾ ലൈപ്സിഗിന് വിനയാവുക ആയിരുന്നു.
അതേസമയം മറ്റൊരു മത്സരത്തിൽ ബയേർ ലെവർകുസനെ ഓഗ്സ്ബർഗ് അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഓഗ്സ്ബർഗിന്റെ ജയം. ഫെഡറിക് ജെൻസൻ, ആന്ദ്ര ഹാൻ എന്നിവർ ഓഗ്സ്ബർഗിന് ആയി ഗോളുകൾ നേടിയപ്പോൾ ചാൾസ് അരാഗുയിസ് ആണ് ലെവർകുസന്റെ ആശ്വാസഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ കരുത്തരായ ബൊറൂസിയ മക്ലബാകിനെ ബുണ്ടസ് ലീഗയിൽ തിരിച്ചെത്തിയ ഷാൽക 2-2 ന്റെ സമനിലയിൽ തളച്ചു. റോഡ്രിഗോ സലാസറിന്റെ ഗോളിൽ മുന്നിലെത്തിയ ഷാൽക പിന്നീട് യൊനാസ് ഹോഫ്മാൻ, മാർകസ് തുറാം എന്നിവരുടെ ഗോളിൽ പിറകിൽ പോയി. എന്നാൽ 93 മത്തെ മിനിറ്റിൽ മാരിയസ് ബട്ലർ നേടിയ പെനാൽട്ടി ഗോൾ ഷാൽകക്ക് സമനില സമ്മാനിച്ചു. ബുണ്ടസ് ലീഗയിലെ മറ്റ് മത്സരങ്ങളിൽ ഫ്രാങ്ക്ഫർട്ട്, ഹെർത്ത ബെർലിൻ മത്സരം 1-1 നു അവസാനിച്ചപ്പോൾ വെർഡർ ബ്രമൻ സ്റ്റുഗാർട്ട് മത്സരം 2-2 നു അവസാനിച്ചു. അതേസമയം ഹോഫൻഹെയിം ബോക്വമിനെ 3-2 നു മറികടന്നു.
Story Highlight : Werner scores in his Leipzig return but Leipzig held, Leverkusen lost in Bundesliga.