ജർമ്മൻ ബുണ്ടസ് ലീഗയിൽ നിർണായക ജയം കണ്ടത്തി ബൊറൂസിയ ഡോർട്ട്മുണ്ട്. സ്റ്റുഗാർട്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഡോർട്ട്മുണ്ട് തോൽപ്പിച്ചത്. ഇന്നലെ ബയേണിന്റെ പരാജയത്തോടെ ഡോർട്ട്മുണ്ട് ജയത്തോടെ ബയേണിനു വെറും ഒരു പോയിന്റ് പിറകിൽ രണ്ടാം സ്ഥാനത്ത് എത്തി. പോയിന്റ് നിലയിൽ താഴെയുള്ള സ്റ്റുഗാർട്ടിനെതിരെ ഡോർട്ട്മുണ്ട് ആധിപത്യം ആണ് മത്സരത്തിൽ കണ്ടത്. ആദ്യ പകുതിയിൽ ഗോളും ഒന്നും കാണാൻ ആയില്ലെങ്കിലും രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഡോർട്ട്മുണ്ട് മത്സരത്തിൽ മുന്നിലെത്തി.
56 മത്തെ മിനിറ്റിൽ റാഫേൽ ഗുയേരരയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മാലൻ ആണ് ഡോർട്ട്മുണ്ടിന് ആദ്യ ഗോൾ സമ്മാനിച്ചത്. എന്നാൽ വെറും 7 മിനിറ്റിനുള്ളിൽ റോബർട്ടോ മസീമോ സ്റ്റുഗാർട്ടിനു സമനില ഗോൾ സമ്മാനിച്ചു. സമനിലയിലേക്ക് നീങ്ങും എന്നു കരുതിയ മത്സരത്തിൽ 85 മത്തെ മിനിറ്റിൽ ക്യാപ്റ്റൻ മാർകോ റൂയിസ് ഡോർട്ട്മുണ്ടിന് നിർണായക ജയം സമ്മാനിക്കുക ആയിരുന്നു. എന്നത്തേയും പോലെ ഹാളണ്ടിന്റെ അഭാവത്തിലും റൂയിസ് ഡോർട്ട്മുണ്ടിന്റെ രക്ഷകൻ ആവുക ആയിരുന്നു. നിലവിൽ ലീഗിൽ ബയേണിനു 12 കളികളിൽ 28 പോയിന്റും ഡോർട്ട്മുണ്ടിനു അത്ര തന്നെ കളികളിൽ നിന്നു 27 പോയിന്റും ആണ് ഉള്ളത്.