ബുണ്ടസ് ലീഗയിൽ തന്റെ അവസാന മത്സരം കളിച്ച് ഇതിഹാസതാരം ക്ലൗഡിയോ പിസാരോ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മൻ ബുണ്ടസ് ലീഗ ചരിത്രത്തിലെ ഏറ്റവും മഹാനായ താരങ്ങളിൽ ഒരാൾ ആയ ക്ലൗഡിയോ പിസാരോ ബുണ്ടസ് ലീഗയിൽ നിന്ന് വിട ചൊല്ലി. വെർഡർ ബ്രമന് ആയി അവസാന മത്സരത്തിൽ 87 മിനിറ്റിൽ ഒസാക്കക്ക് പകരക്കാരൻ ആയാണ് 41 കാരനായ പിസാരോ തന്റെ അവസാന ബുണ്ടസ് ലീഗ മത്സരത്തിനായി ഇറങ്ങിയത്. പെറു ചരിത്രത്തിലെ ഏറ്റവും മഹാനായ താരം ആയി കണക്കാക്കുന്ന പിസാരോ 1999 മുതൽ രണ്ടു പതിറ്റാണ്ട് കാലം ജർമ്മൻ ബുണ്ടസ് ലീഗയിലെ നിറ സാന്നിധ്യം ആയിരുന്നു. കരിയറിൽ വെർഡർ ബ്രമൻ, ബയേൺ മ്യൂണിച്ച് എന്നിവർക്ക് വേണ്ടിയാണ് അദ്ദേഹം കൂടുതൽ കാലവും ബൂട്ട് കെട്ടിയത്. 1999 മുതൽ 2001 വരെ ബ്രമനിൽ കളിച്ച അദ്ദേഹം 56 മത്സരങ്ങളിൽ അവർക്ക് ആയി 29 ഗോളുകൾ നേടി.

തുടർന്ന് 2001 ൽ ബയേണിലേക്ക് മാറിയ 2007 വരെ ബയെനിലെ പ്രധാന താരം ആയിരുന്നു. ഈ കാലയളവിൽ 174 മത്സരങ്ങളിൽ 71 ഗോളുകൾ ആണ് താരം കണ്ടത്തിയത്. തുടർന്ന് 2007 മുതൽ 2009 വരെ ചെൽസിൽ എത്തിയ താരം പക്ഷെ ഇംഗ്ലീഷ് ഫുട്‌ബോളിൽ വിജയിക്കാൻ ആവാതെ സീസണിൽ ഇടക്ക് വീണ്ടും വേർഡർ ബ്രമനിലേക്ക് വായ്‌പ അടിസ്‌ഥാനത്തിൽ പോയി. തുടർന്ന് 2009 തിൽ താരം വീണ്ടും ബ്രമനിലേക്ക് കൂറുമാറി. ഇത്തവണ 2009 മുതൽ 2012 വരെ 77 കളികളിൽ 43 ഗോളുകൾ ആണ് താരം അടിച്ചു കൂട്ടിയത്. തുടർന്ന് 2012 ൽ വീണ്ടും ബയേണിലേക്ക് എത്തിയ താരം 2015 വരെ 50 കളികളിൽ 16 ഗോളുകൾ ആണ് കണ്ടത്തിയത്. തുടർന്ന് 2015 മുതൽ 2017 വരെ ബ്രമനിൽ തിരിച്ചു വന്ന പിസാരോ 2017-2018 സീസണിൽ എഫ്.സി കോളിന് ആയും ബൂട്ട് കെട്ടി.

തുടർന്ന് 2018 ൽ വീണ്ടും ബ്രമനിലേക്ക് തിരിച്ചു വന്നു പിസാരോ. 1999 മുതൽ 2016 ൽ വിരമിക്കും വരെ പെറുവിനു ആയി 85 കളികളിൽ ബൂട്ട് കെട്ടിയ താരം 20 ഗോളുകളും അടിച്ചു. രാജ്യത്തിനു ആയി 2015 കോപ്പ അമേരിക്കയിൽ മൂന്നാം സ്ഥാനം നേടിയ പിസാരോ 4 കോപ്പ അമേരിക്കയിൽ അവരെ പ്രതിനിധീകരിച്ചു. ക്ലബ് കരിയറിൽ ബയേണിന് ആയി ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോക കപ്പ്, യുഫേഫ സൂപ്പർ കപ്പ്, ഇന്റർ കൊണ്ടിന്റൽ കപ്പ്, ഡി.എഫ്.എൽ സൂപ്പർ കപ്പ് എന്നീ കിരീടങ്ങൾ ഓരോ തവണ നേടിയ താരം ആറു തവണ ബുണ്ടസ് ലീഗ ജേതാവും, 5 തവണ ജർമ്മൻ കപ്പ് ജേതാവും ആയിരുന്നു. അതിനോടൊപ്പം 2008-2009 തിൽ വെർഡർ ബ്രമന് ആയി അദ്ദേഹം ജർമ്മൻ കപ്പും ഉയർത്തി.

197 ഗോളുകളും ആയി ബുണ്ടസ് ലീഗ ചരിത്രത്തിലെ ആറാമത്തെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരൻ ആണ് ക്ലൗഡിയോ പിസാരോ. റോബർട്ട് ലെവൻഡോസ്കി മറികടക്കുന്നത് വരെ ബുണ്ടസ് ലീഗ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ വിദേശ താരവും പിസാരോ ആയിരുന്നു. 159 ഗോളുകളും ആയി വെർഡർ ബ്രമന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം കൂടിയാണ് അദ്ദേഹം, അതിൽ 109 ഗോളുകളും ബുണ്ടസ് ലീഗയിൽ ആണ് പിറന്നത്. 2016 ൽ 37 വയസ്സും 151 ദിവസവും പ്രായമുള്ളപ്പോൾ ലെവർകുസന് എതിരെ ഹാട്രിക്ക് നേടിയ പിസാരോ ഹാട്രിക് നേടുന്ന ബുണ്ടസ് ലീഗ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ താരമായി മാറി. 31 വർഷമുള്ള റെക്കോർഡ് ആണ് അന്ന് അദ്ദേഹം മറികടന്നത്. 1996 ൽ മിറോസ്‌ലാവ്‌ വോട്ടോവയുടെ റെക്കോർഡ് മറികടന്നു 2019 ൽ ഹെർത്തക്ക് എതിരെ ഗോൾ നേടിയ അദ്ദേഹം ബുണ്ടസ് ലീഗ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ താരം ആയി. അന്ന് 40 വർഷവും 136 ദിവസവും ആയിരുന്നു അദ്ദേഹത്തിന്റെ പ്രായം. തുടർന്ന് 40 വർഷവും 227 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ പിസാരോ ഈ റെക്കോർഡ് പിന്നെയും തിരുത്തി. എന്നും പ്രായത്തെ മറികടക്കുന്ന പ്രകടനങ്ങൾ പുറത്ത് എടുത്ത ഇതിഹാസതാരത്തിന്റെ ബുണ്ടസ് ലീഗ കരിയറിലെ അവസാന മത്സരം ആയി ഇത്.