ഹാളണ്ട്! ഹാളണ്ട്! ഗോളടി ഭ്രാന്ത് തുടർന്ന് ഹാളണ്ട്! ഡോർട്ടുമുണ്ടിനു ജയം

Screenshot 20210919 224923

ബുണ്ടസ് ലീഗയിൽ ഗോളടി തുടർന്ന് എർലിംഗ് ഹാളണ്ട്‌. ഇന്ന് ഇരട്ട ഗോളുകൾ നേടിയ ഹാളണ്ട് സീസണിൽ ഡോർട്ടുമുണ്ടിന് ആയി എട്ടാം മത്സരത്തിൽ തന്റെ പതിനൊന്നാം ഗോൾ ആണ് ഹാളണ്ട് ഇന്ന് കണ്ടത്തിയത്. ഡോർട്ടുമുണ്ടിന് ആയി കളിച്ച 67 കളികളിൽ നിന്നു 68 മത്തെ ഗോൾ ആയിരുന്നു ഹാളണ്ടിന് ഇത്. ഹാളണ്ടും സംഘവും യൂണിയൻ ബെർലിന് എതിരെ മികച്ച ജയം ആണ് ഡോർട്ടുമുണ്ടിന് സമ്മാനിച്ചത്. മത്സരത്തിൽ പന്ത് അടക്കത്തിൽ വലിയ മുൻതൂക്കം ഡോർട്ടുമുണ്ട് വച്ച് പുലർത്തിയെങ്കിലും ഇടക്ക് അവസരങ്ങൾ തുറന്ന ബെർലിൻ അവർക്ക് പ്രശ്നങ്ങൾ സമ്മാനിച്ചു. പത്താം മിനിറ്റിൽ റാഫേൽ ഗുരെയിരോ ആണ് ഡോർട്ടുമുണ്ടിന് മത്സരത്തിൽ ആദ്യ ഗോൾ സമ്മാനിക്കുന്നത്. 24 മിനിറ്റിൽ തോമസ് മുനിയറിന്റെ ക്രോസിൽ നിന്നു ഉഗ്രൻ ഹെഡറിലൂടെ തന്റെ ആദ്യ ഗോൾ നേടിയ ഹാളണ്ട് ഡോർട്ട്മുണ്ടിനു രണ്ടാം ഗോൾ സമ്മാനിച്ചു. 2-0 അവസാനിച്ച ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 52 മിനിറ്റിൽ മാർവിൻ ഫ്രഡ്രിച്ചിന്റെ സെൽഫ് ഗോൾ ആണ് ഡോർട്ടുമുണ്ടിനു മൂന്നാം ഗോൾ സമ്മാനിക്കുന്നത്.20210919 224651

തുടർന്ന് പൊരുതുന്ന ബെർലിനെയാണ് മത്സരത്തിൽ കണ്ടത്. അലക്‌സ് വിക്സലിന്റെ ഫൗളിനു വാർ മുഖേനെ ലഭിച്ച പെനാൽട്ടി 57 മിനിറ്റിൽ ലക്ഷ്യം കണ്ട മാക്‌സ് ക്രൂസ് ബെർലിനു ആദ്യ ഗോൾ സമ്മാനിച്ചു. തുടർന്ന് ബെർലിൻ നിരന്തരം ഡോർട്ട്മുണ്ടിനു പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. 81 മത്തെ മിനിറ്റിൽ നിക്കോയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ആന്ദ്രസ് വോഗ്ൾസാമർ ബെർലിന് രണ്ടാം ഗോൾ നേടി കൊടുത്തതോടെ ഡോർട്ടുമുണ്ട് വീണ്ടും സമ്മർദ്ദത്തിലായി. എന്നാൽ രണ്ടു മിനിറ്റിനകം മാറ്റ് ഹമ്മൽസിന്റെ നീളൻ ലോങ് ബോളിൽ നിന്നു അവിശ്വസനീയം ആയ വിധം അതുഗ്രൻ വോളിയിലൂടെ തന്റെ രണ്ടാം ഗോൾ കണ്ടത്തിയ ഹാളണ്ട് ഡോർട്ടുമുണ്ടിന് 4-2 ന്റെ മികച്ച ജയം സമ്മാനിച്ചു. ഹാളണ്ട്‌ ഈ വിധം ഗോളടി തുടർന്നാൽ ലെവണ്ടോസ്കിയുടെ ഗോൾഡൻ ബൂട്ടിനു താരവും ബയേണിന്റെ കിരീടത്തിനു ഡോർട്ടുമുണ്ടും ഭീഷണി ഉയർത്തും എന്നുറപ്പാണ്. നിലവിൽ 5 കളികളിൽ നിന്ന് 12 പോയിന്റുകളുമായി ഡോർട്ടുമുണ്ട് ബയേണിനു പിറകിൽ രണ്ടാം സ്ഥാനത്ത് ആണ്.

Previous articleലണ്ടൻ നീലപുതപ്പിച്ച് ചെൽസി, ടോട്ടൻഹാമിനെതിരെ മികച്ച ജയം
Next articleകാലിടറി മുംബൈ ഇന്ത്യൻസ്, വിജയത്തോടെ സി എസ് കെ ഒന്നാമത്