കന്നി ഗോളുമായി ബെല്ലിംഗ്ഹാം, പൊരുതി ജയിച്ച് ഡോർട്ട്മുണ്ട്

ബുണ്ടസ് ലീഗയിൽ പൊരുതി ജയിച്ച് ബൊറുസിയ ഡോർട്ട്മുണ്ട്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്റ്റട്ട്ഗാർട്ടിനെ ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. സ്റ്റട്ട്ഗാർട്ടിന് വേണ്ടി സാസ കലസിക് 17ആം മിനുട്ടിൽ ഗോളടിച്ചാണ് കളിയാരംഭിച്ചത്‌. ആദ്യ പകുതിയിൽ ലീഡ് നിലനിർത്താൻ സ്റ്റട്ട്ഗാർട്ടിനായി. എന്നാം 47ആം മിനുട്ടിൽ ജൂഡ് ബെല്ലിംഗ്ഹാം ബൊറുസിയ ഡോർട്ട്മുണ്ടിന് വേണ്ടി 23ആം മത്സരത്തിൽ ആദ്യ ഗോളടിച്ചു.

വൈകാതെ തന്നെ മാർക്കോ റിയൂസിന്റെ ഗോളിലൂടെ ലീഡ് നേടി. എന്നാൽ ജയം സ്വയമുറപ്പിച്ച ഡോർട്ട്മുണ്ടിന് 78ആം മിനുട്ടിൽ ദിദാവിയിലൂടെ സ്റ്റട്ട്ഗാർട്ട് തിരിച്ചടിച്ചു. എന്നാൽ ബൊറുസിയ ഡോർട്ട്മുണ്ട് അക്കാദമി താരം അൻസ്ഗർ നാഫിലൂടെ ഡോർട്ട്മുണ്ട് ജയം സ്വന്തമാക്കി. മാർക്കോ റിയൂസ് ഗോൾ വരൾച്ച അവസാനിപ്പിച്ചെങ്കിലും ഇന്ന് എർലിംഗ് ഹാളണ്ടിന് സ്കോർ ചെയ്യാനായില്ല. 46 പോയന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് ബൊറുസിയ ഡോർട്ട്മുണ്ട്. സ്റ്റട്ട്ഗാർട്ട് 39 പോയന്റുമായി 9ആം സ്ഥാനത്താണുള്ളത്.