ബുണ്ടസ് ലീഗയിൽ വിജയക്കുതിപ്പ് തുടർന്ന് ബയേൺ മ്യൂണിക്ക്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് എഫ്സി കൊളോനെ പരാജയപ്പെടുത്തിയത്. റോബർട്ട് ലെവൻഡോസ്കിയുടേയും സെർജ് ഗ്നാബ്രിയുടേയും ഇരട്ട ഗോളുകളുടെ പിൻബലത്തിലായിരുന്നു ബയേണിന്റെ ജയം. എറിക് മാക്സിം ചൗപോ മോട്ടിംഗാണ് ബയേണിന്റെ മറ്റൊരു ഗോൾ നേടിയത്. എലിയസ് സ്ഖിരിയാണ് എഫ്സി കോളോനിന്റെ ആശ്വാസ ഗോൾ നേടിയത്.
ബുണ്ടസ് ലീഗയിൽ അഞ്ചാമത്തെ ക്ലബ്ബിനായി കളിക്കുന്ന ചൗപോ മോട്ടിംഗ് തന്റെ കരിയറിലെ ആദ്യ ബയേൺ ഗോളാണിന്ന് നേടിയത്. 23ആം മത്സരത്തിൽ 28 ഗോളുകളുമായി ലെവൻഡോസ്കി കുതിക്കുകയാണ്. യൂറോപ്പിലെ മികച്ച ഫോം തന്നെ ജർമ്മനിയിലും തുടരാൻ ബയേണിനായി. പകരക്കാരായി ഗ്നാബ്രിയേയും മുള്ളറിനേയും കളത്തിലിറക്കാനും പരിശീലകൻ ഹാൻസി ഫ്ലിക്കിനിന്ന് സാധിച്ചു. ജർമ്മനിയിൽ 52 പോയന്റുമായി ബയേൺ മ്യൂണിക്ക് തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.