ബുണ്ടസ് ലീഗയിൽ കിരീടപ്പോരാട്ടം കനക്കുന്നു. ഇന്ന് ഹന്നോവറിനെ പരാജയപ്പെടുത്തിയ ബയേൺ അഞ്ച് പോയന്റ് ലീഡാണ് സ്വന്തമാക്കിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബയേണീന്റെ ഇന്നത്തെ ജയം. ബയേണിന് വേണ്ടി ലെവൻഡോസ്കി, റിബറി, ലിയോൺ ഗോരെട്സ്ക എന്നിവർ ഗോളടിച്ചപ്പോൾ ഹന്നോവറിന്റെ ആശ്വാസ ഗോൾ ഒരു പെനാൽറ്റിയിലൂടെ നേടിയത് ബ്രസീലിയൻ താരം ജോനാതാസാണ്.
രണ്ടാം പകുതിയിൽ ജോനാതാസ് ചുവപ്പ് കണ്ട് പുറത്തായത് ഹന്നോവറിന് തിരിച്ചടിയായി. ബയേണിന്റെ കിമ്മിഷിനെ മുഖത്തിടിച്ചതിനാണ് ജോനാതാസിന് ചുവപ്പ് കണ്ട് പുറത്ത് പോവേണ്ടിവന്നത്. ആദ്യ പകുതിയിൽ തന്നെ ലീഡുമായി ബയേൺ ജയമുറപ്പിച്ചിരുന്നു. എന്നാൽ പകരക്കാരനായ ജോനാതാസിന്റെ ഗോൾ അപ്രതീക്ഷിതമായിരുന്നു.
ഏറെക്കാലത്തിന് ശേഷം “റോബറി” കാണാൻ ബയേൺ ആരാധകർക്ക് സാധിച്ചു. കോമന് പകരക്കാരനായി അർജെൻ റോബൻ കളത്തിലിറങ്ങി. പകരക്കാരനായി ഇറങ്ങിയ റിബറി ഗോളടിച്ചതോട് കൂടി ബയേണീന്റെ വിജയം പൂർത്തിയായി. രണ്ടാം സ്ഥാനക്കാരായ ബൊറുസിയ ഡോർട്ട്മുണ്ടിന് കിരീടപ്പോരാട്ടതിൽ തുടരാൻ ഇന്നൊരു ജയം ആവശ്യമാണ്. കരുത്തരായ വേർഡർ ബ്രെമനാണ് ഡോർട്ട്മുണ്ടിന്റെ എതിരാളികൾ.