ജർമ്മൻ ബുണ്ടസ് ലീഗയിൽ വിജയവഴിയിൽ തിരിച്ചെത്തി ബൊറൂസിയ ഡോർട്ട്മുണ്ട്, ജയം കണ്ടു ലൈപ്സിഗ്

Borussia

ജർമ്മൻ ബുണ്ടസ് ലീഗയിൽ കഴിഞ്ഞ മത്സരത്തിൽ അവസാന നിമിഷങ്ങളിൽ 3 ഗോൾ വഴങ്ങി ഏറ്റ അപ്രതീക്ഷിത പരാജയത്തിൽ നിന്നും വിജയവഴിയിൽ തിരിച്ചെത്തി ബൊറൂസിയ ഡോർട്ട്മുണ്ട്. ഹെർത്ത ബെർലിനെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ഡോർട്ട്മുണ്ട് തോൽപ്പിച്ചത്. ഡോർട്ട്മുണ്ടിന്റെ വലിയ ആധിപത്യം കണ്ട മത്സരത്തിൽ ഹാളറിന് പകരക്കാരനായി എത്തിയ ആന്തണി മോഡസ്റ്റെ 32 മത്തെ മിനിറ്റിൽ നേടിയ ഗോളിന് ആണ് ഡോർട്ട്മുണ്ട് ജയം കണ്ടത്. സാലിഹ് ഓസ്കാന്റെ പാസിൽ നിന്നായിരുന്നു ക്ലബിന് ആയുള്ള മോഡസ്റ്റെയുടെ ആദ്യ ഗോൾ.

അതേസമയം വോൾവ്സ്ബർഗിനെ ആർ.ബി ലൈപ്സിഗ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. അഞ്ചാം മിനിറ്റിൽ പെനാൽട്ടിയിലൂടെ ഗോൾ നേടിയ ക്രിസ്റ്റഫർ എങ്കുങ്കു 90 മിനിറ്റിൽ ലൈപ്സി ഗ് ജയം പൂർത്തിയാക്കി. ബുണ്ടസ് ലീഗയിൽ ഈ വർഷം തിരിച്ചെത്തിയ ഷാൽകെ യൂണിയൻ ബെർലിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങി. ഒന്നിനെതിരെ 6 ഗോളുകൾക്ക് ആയിരുന്നു അവരുടെ പരാജയം. മറ്റൊരു മത്സരത്തിൽ ബയേർ ലെവർകുസൻ മൈൻസിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് തോൽപ്പിച്ചു.