ബയേൺ vs ഡോർട്ട്മുണ്ട്, സൂപ്പർ കപ്പിൽ ജർമ്മൻ ക്ലാസിക്ക് പോരാട്ടം

jithinvarghese

Download the Fanport app now!
Appstore Badge
Google Play Badge 1

ജര്‍മ്മനിയില്‍ വീണ്ടും ഒരു ക്ലാസിക്കോ. ജര്‍മ്മന്‍ സൂപ്പര്‍ കപ്പില്‍ ബയേണ്‍ മ്യൂണിക്ക് ബൊറുസിയ ഡോര്‍ട്ട്മുണ്ടിനെ നേരിടും. കഴിഞ്ഞ സീസണിൽ ജര്‍മ്മന്‍ കപ്പും ബുണ്ടസ് ലീഗും ബയേണ്‍ മ്യൂണിക്ക് നേടിയിരുന്നു. പെപ്പ് ഗ്വാര്‍ഡിയോള എറയ്ക്ക് ശേഷമാദ്യമായാണ് ബയേണ്‍ ഡൊമസ്റ്റിക്ക് ഡബിള്‍ സ്വന്തമാക്കിയത്.

ബുണ്ടസ് ലീഗ ചാമ്പ്യന്മാരും ജര്‍മ്മന്‍ കപ്പ് ചാമ്പ്യന്മാരും തമ്മിലാണ് സൂപ്പര്‍ കപ്പ് നടക്കുക. ബയേണ്‍ രണ്ട് കിരീടങ്ങളും നേടിയതിനാലാണ് ഈ സീസണില്‍ ബുണ്ടസ് ലീഗയില്‍ രണ്ടാം സ്ഥാനം നേടിയ ബൊറുസിയ ഡോര്‍ട്ട്മുണ്ടുമായി മത്സരം നടക്കുന്നത്. തുടർച്ചയായ ഏഴാം കിരീടം നേടിയ ബയേണിന് കഴിഞ്ഞ സീസണിലാണ് ഡോർട്ട്മുണ്ടിൽ നിന്നും കനത്തപ്പോരാട്ടം നേരിട്ടത്.

പ്രീ സീസണിൽ എതിരാളികളെ എല്ലാം പരാജയപ്പെടുത്തിയാണ് ബൊറുസിയ ഡോർട്ട്മുണ്ട് സൂപ്പർ കപ്പിനെത്തുന്നത്. യൂറോപ്യൻ ചാമ്പ്യന്മാരായ ലിവർപൂളിനും ഡോർട്ട്മുണ്ടിനെ പിടിച്ച് കെട്ടാനായില്ല. അതേ സമയം ആഴ്സണൽ, ടോട്ടൻഹാം ഹോട്ട്സ്പർസ് എന്നീ ടീമുകളോട് പ്രീസീസണിൽ ബയേൺ പരാജയപ്പെട്ടു. പുതിയ സൈനിംഗായ ജൂലിയൻ ബ്രാൻഡ്, തോർഗൻ ഹസ്സാർഡ്, ഗോൾകീപ്പർ ബുർക്കി, മൊറേയ് എന്നിവർ ഇല്ലാതെയാണ് ഡോർട്ട്മുണ്ട് ഇന്നിറങ്ങുക.

ബയേൺ നിരയിൽ സെർജ് ഗ്നാബ്രി, ലൂക്കാസ് ഫെർണാണ്ടസ്, ഹാവി മാർട്ടിനെസ്സ് എന്നിവർ ഇന്നുണ്ടാകില്ല. ഇന്ത്യൻ വംശജൻ സർപ്രീത് സിംഗ്, റയാൻ ജോഹാൻസൺ എന്നിവർ ബയേണിന് വേണ്ടി ഇറങ്ങും. ഇന്ത്യൻ വംശജനായ സർപ്രീത് സിംഗിന് ഔഡി കപ്പിൽ ബയേണിന്റെസീനിയർ ടീമിന് വേണ്ടി ഇറങ്ങാൻ സാധിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ 40 ഗോളുകൾ അടിക്കുകയും 13 ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ബയേണിന്റെ മുൻ ഡോർട്ട്മുണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കി തന്നെയായിരിക്കും മത്സരത്തിലെ ശ്രദ്ധകേന്ദ്രം. തന്റെ മുൻ ക്ലബ്ബിനെതിരെ അവസാന മൂന്ന് മത്സരങ്ങളിൽ 7 ഗോളുകളാണ് ലെവൻഡോസ്കി അടിച്ചു കൂട്ടിയത്. അവസാനമായി ഇരു ടീമുകളും ബുണ്ടസ് ലീഗയിൽ എറ്റുമുട്ടിയപ്പോൾ 5-0 നാണ് ഡോർട്ട്മുണ്ടിനെ ബയേൺ തകർത്തത്.