ഇതൊരു ബഹുമതി ആയി കണക്കാക്കുന്നു, ബയേണിൽ എല്ലാ കിരീടങ്ങളും നേടുക ലക്ഷ്യം : തോമസ് ടൂഷൽ

Nihal Basheer

20230325 191350

ബയേണിന്റെ ചുമതല ഏറ്റെടുക്കാൻ തന്നെ സമീപിച്ചത് ബഹുമതി ആയി കണക്കാക്കുന്നു എന്ന് തോമസ് ടൂഷൽ. ടീമിന്റെ ചുമതല ഏറ്റെടുത്ത ശേഷം ബോർഡ് അംഗങ്ങൾക്കൊപ്പം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ടീമിനോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും സാധ്യമായ എല്ലാ കിരീടങ്ങളും നേടാൻ ശ്രമിക്കുമെന്നും ടൂഷൽ പറഞ്ഞു. കാര്യങ്ങൾ എല്ലാം പെട്ടെന്നാണ് മാറി മറിഞ്ഞെതെന്ന് അദ്ദേഹം സമ്മതിച്ചു. മറ്റ് രാജ്യങ്ങളിലാണ് തന്റെ കോച്ചിങ് കരിയർ തുടരുക എന്നാണ് കരുതിയിരുന്നത് എന്നും, എന്നാൽ ബയേണിൽ നിന്നുള്ള ഓഫർ എല്ലാം മാറ്റി മറിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

20230325 191009

“ട്രോഫികൾ എല്ലാം വിജയിക്കാൻ ഇപ്പോഴും ടീമിന് അവസരമുണ്ട്. അതിനാൽ തന്നെ വലിയ മാറ്റങ്ങൾ ഒന്നും ടീമിൽ ഉടനെ കൊണ്ടു വരുന്നത്‌ ശരിയല്ല. താനും തന്റെ ടീമും കൂടുതൽ വിശകലനങ്ങൾ നടത്തേണ്ടതുണ്ട്. ഇപ്പോൾ ചെറിയ മാറ്റങ്ങൾ ഒക്കെ പ്രതീക്ഷിക്കാം”. ടൂഷൽ പറഞ്ഞു. തന്റെ കൂടെ പ്രവർത്തിച്ചിരുന്ന കോച്ചിങ് സ്റ്റാഫിനെ പലരെയും കൂടെ കൊണ്ടു വരാൻ പറ്റുമെന്ന് കരുതുന്നതായി അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മുൻപരിശീലകൻ ആയ നെഗ്ല്സ്മനെ ടൂഷൽ പുകഴ്ത്തി. നെഗ്ല്സ്മെൻ കിരീടങ്ങളുടെ പാതയിൽ ടീമിനെ എത്തിച്ചെന്നും ഇനി ഈ അവസരം മുതലെടുക്കുകയാണ് തങ്ങൾ ചെയ്യേണ്ടത് എന്നും ടൂഷൽ ചൂണ്ടിക്കാണിച്ചു. മുന്നിലുള്ള മൂന്ന് കിരീടങ്ങലും നേടാൻ സാധ്യമായ എല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണ ബയേണിന്റെ ചാമ്പ്യൻസ് ലീഗിലെ ഫോം അപാരമാണെന്നും ടൂഷൽ ചൂണ്ടിക്കാണിച്ചു.

എവിടെയും ബയേണിനെ കുറിച്ചു മികച്ച അഭിപ്രായമാണെന്നും, ആരും ഈ ടീമിനെതിരെ കളിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും ടൂഷൽ വ്യക്തമാക്കി. ബയേണിന്റെ ശക്തമായ സ്ക്വാഡിന് പ്രീമിയർ ലീഗ് കിരീടത്തിന് വേണ്ടി വരെ പോരാടാൻ കഴിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വർഷത്തെ കരാറിനെ കുറിച്ചുള്ള ചോദ്യത്തിന് താൻ ഈ കാലയളവിൽ വളരെ സന്തുഷ്ടനാണെന്നും എന്നാൽ ഇത് ദീർഘിപ്പിക്കാൻ ശ്രമിക്കുമെന്നും ടൂഷൽ പറഞ്ഞു. എന്നാൽ ആദ്യ പടി ടീമിലെ വിശ്വാസം നേടിയെടുക്കുക എന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.