ചാമ്പ്യൻസ് ലീഗിലെ 9-2 ലെ വമ്പൻ ജയത്തിനു പിന്നാലെ ബുണ്ടസ് ലീഗയിൽ വെർഡർ ബ്രമനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്തു ബയേൺ മ്യൂണിക്. ബുണ്ടസ് ലീഗയിൽ പുതിയ പരിശീലകൻ വിൻസെന്റ് കൊമ്പനിക്ക് കീഴിൽ ഇത് വരെ 16 ഗോളുകൾ ആണ് നാലു മത്സരങ്ങളിൽ നിന്നു അവർ അടിച്ചു കൂട്ടിയത്. ലീഗിലും ഒന്നാം സ്ഥാനത്തും മറ്റാരുമല്ല. മത്സരത്തിൽ 23 മത്തെ മിനിറ്റിൽ ഹാരി കെയിനിന്റെ പാസിൽ നിന്നു മൈക്കിൾ ഒലീസെയാണ് ബയേണിന്റെ ആദ്യ ഗോൾ നേടിയത്. 32 മത്തെ മിനിറ്റിൽ ഒലീസെയുടെ പാസിൽ നിന്നു ജമാൽ മുസിയാല അവരുടെ രണ്ടാം ഗോളും സമ്മാനിച്ചു.
തുടർന്ന് രണ്ടാം പകുതിയിൽ 57 മത്തെ മിനിറ്റിൽ ഹാരി കെയിനിന്റെ ഗോളിനും മൈക്കിൾ ഒലീസെ വഴി ഒരുക്കി. അതിനു ശേഷം 60 മത്തെ മിനിറ്റിൽ മൈക്കിൾ ഒലീസെ തന്റെ രണ്ടാം ഗോളും നേടി. മത്സരത്തിൽ രണ്ടു ഗോൾ നേടിയ ഒലീസെ രണ്ടു അസിസ്റ്റും നേടി. സീസണിൽ ഹാരി കെയിനു ഒപ്പം ഉഗ്രൻ ഫോമിലാണ് ഫ്രഞ്ച് യുവതാരം ഇപ്പോൾ. 65 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ സെർജ് ഗനാബ്രിയാണ് ഹാരി കെയിനിന്റെ പാസിൽ നിന്നു ഗോൾ നേടി ബയേണിന്റെ വലിയ ജയം പൂർത്തിയാക്കിയത്.