ആറാം കിരീടത്തിനായി ബയേൺ മ്യൂണിക്ക്, ക്ലബ്ബ് ലോകകപ്പ് ഫൈനലിൽ

Img 20210209 072231
- Advertisement -

യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് ക്ലബ്ബ് ലോകകപ്പിന്റെ ഫൈനലിൽ കടന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഈജിപ്ഷ്യൻ ക്ലബ്ബായ അൽ ആഹ്ലിയെയാണ് ബയേൺ പരാജയപ്പെടുത്തിയത്. ഇരട്ട ഗോളുകളുമായി റോബർട്ട് ലെവൻഡോസ്കിയാണ് ബയേൺ മ്യൂണിക്കിന്റെ ജയത്തിന് ചുക്കാൻ പിടിച്ചത്. ഫൈനലിൽ മെക്സിക്കൻ ടീമായ ടൈഗ്രിസാണ് ബയേൺ മ്യൂണിക്കിന്റെ എതിരാളികൾ.

കൈറോ ക്ലബ്ബിന്റെ ഗോൾകീപ്പർ മൊഹമ്മദ് എൽ -ഷെനാവിയെ കളിയുടെ തുടക്കം മുതൽ തന്നെ ബയേൺ താരങ്ങൾ പരീക്ഷിച്ച് കൊണ്ടിരുന്നു. പവാർദും ഗ്നാബ്രിയും മുള്ളറും പരാജയപ്പെട്ടപ്പോൾ പോളിഷ് അസ്സാസിൻ ലെവൻഡോസ്കി ലക്ഷ്യം കണ്ടു. ഗ്നാബ്രിയാണ് ഗോളിന് വഴിയൊരുക്കിയത്. കളിയിലുടനീളം കാഴ്ച്ചക്കാരന്റെ റോളായിരുന്നു ജർമ്മൻ ക്യാപ്റ്റൻ മാനുവൽ നുയറിന് എന്ന് പറയേണ്ടി വരും. രണ്ടാം പകുതിയിലെ ചുരുക്കം അക്രമണങ്ങൾ ഒഴിച്ചാൽ ബയേൺ പ്രതിരോധം ഭേദിക്കാൻ പോന്നതൊന്നും ഈജിപ്ഷ്യൻ ടീമിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. ഈ രണ്ട് ഗോളുകളടക്കം ഈ സീസണിൽ 29 ഗോളുകളാണ് റോബർട്ട് ലെവൻഡോസ്കി അടിച്ചു കൂട്ടിയത്.

Advertisement