ഗോളടിച്ച് ഗോരെട്സ്ക, ലെപ്സിഗിനെ വീഴ്ത്തി ബയേൺ മ്യൂണിക്ക്

Img 20210404 004547

ബുണ്ടസ് ലീഗയിൽ വീണ്ടും ജയവുമായി ബയേൺ മ്യൂണിക്ക്. എതിരില്ലാതെ ഒരു ഗോളിനാണ് ആർബി ലെപ്സിഗിനെ ബയേൺ പരാജയപ്പെടുത്തിയത്. തോമസ് മുള്ളറുടെ അസിസ്റ്റിൽ ലിയോൺ ഗോരെട്സ്കയാണ് ബയേണിന്റെ വിജയ ഗോൾ നേടിയത്. ഇന്നത്തെ ജയത്തോട് കൂടി ഏഴ് പോയന്റിന്റെ ലീഡാണ് ബയേൺ നേടിയത്. തുടർച്ചയായ ഒൻപതാം കിരീടത്തോട് അടുക്കുകയാണ് ബയേൺ മ്യൂണിക്ക്.

സൂപ്പർ താരം റോബർട്ട് ലെവൻഡോസ്കി ഇല്ലാതെയാണ് ബയേൺ മ്യൂണിക്ക് ഇന്നിറങ്ങിയത്. റെഡ് ബുൾ അറീനയിൽ യൂറോപ്യൻ ചാമ്പ്യന്മാർക്ക് വേണ്ടി ഇത്തവണ ഗോളടിച്ചത് ഗോരെട്സ്കയാണ്. യോഷ്വ കിമ്മിഷിന്റെ ലോങ്ങ് പാസ്സെടുത്ത മുള്ളർ ഗൊരെട്സ്കക്ക് ഗോളിനുള്ള വഴിയൊരുക്കി. രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി ഇറങ്ങിയ നൈഗൽസ്മാന്റെ ലെപ്സിഗ് പ്രത്യാക്രമണം ശക്തമാക്കി. മാനുവൽ നുയർ വന്മതിലായി സീസണിലെ ഏഴാം ക്ലീൻ ഷീറ്റ് സൂക്ഷിച്ചപ്പോൾ പരാജയം ഏറ്റുവാങ്ങാനായിരുന്നു ലെപ്സിഗിന്റെ വിധി. ജർമ്മനിയിൽ 27 മത്സരങ്ങൾക്ക് ശേഷം 7 പോയന്റ് ലീഡ് അട്ടിമറിച്ച് കിരീടം നേടിയിട്ടില്ല.