എട്ടു മിനുട്ടിൽ നാല് ഗോളുകൾ, വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗയിൽ വമ്പൻ ജയവുമായി ബയേൺ മ്യൂണിക്ക്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബയേൺ മ്യൂണിക്ക് ബയേർ ലെവർകൂസനെ പരാജയപ്പെടുത്തിയത്. ബയേൺ മ്യൂണിക്കിന് വേണ്ടി സെർജ് ഗ്നാബ്രിയും റോബർട്ട് ലെവൻഡോസ്കിയും ഇരട്ട ഗോളുകൾ നേടിയപ്പോൾ തോമസ് മുള്ളറും ഗോളടിച്ചു. പാട്രിക്ക് ഷീകാണ് ബയേർ ലെവർകൂസന്റെ ആശ്വാസ ഗോൾ നേടിയത്.

കളിയിലെ ബയേൺ മ്യൂണിക്കിന്റെ അഞ്ച് ഗോളുകളും പിറന്നത് ആദ്യ പകുതിയിലായിരുന്നു. എട്ട് മിനുട്ടിൽ നാല് ഗോളുകളടിച്ചാണ് ഇന്ന് യൂറോപ്യൻ ഫുട്ബോൾ ആരാധകരെ ജർമ്മൻ ചാമ്പ്യന്മാർ ഞെട്ടിച്ചത്. ബുണ്ടസ് ലീഗയിൽ മുന്നാമത് നിന്ന ബയേർ ലെവർകൂസനെതിരെയായിരുന്നു ബയേണിന്റെ വമ്പൻ ജയം. ഉപമെകാനോ ഗോളിന് വഴിയൊരുക്കിയപ്പോൾ നാലാം മിനുട്ടിൽ തന്നെ ബയേൺ ലെവൻഡോസ്കിയിലൂടെ ലീഡ് നേടി. 30ആം മിനുട്ടിലാണ് ബയേർ ലെവർകൂസൻ പ്രതിരോധം പാളിയപ്പോൾ ലെവൻഡോസ്കി രണ്ടാം ഗോൾ നേടിയത്. ഗോളിന് വഴിയൊരുക്കിയത് അൽഫോൺസോ ഡേവിസും. പിന്നീട് ഏഴുമിനുറ്റിൽ മൂന്ന് ഗോളുകൾ പിറക്കുകയായിരുന്നു. ഈ സീസണിൽ ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക് അടിച്ച് കൂട്ടിയിരിക്കുന്നത് 29 ഗോളുകളാണ്.