ബുണ്ടസ് ലീഗയുടെ ചരിത്രത്തിൽ ആദ്യമായി 4000 ഗോളുകൾ നേടുന്ന ടീമായി ബയേൺ മ്യൂണിക്ക്. നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കാണ് ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ബുണ്ടസ് ലീഗ ടീം. ബൊറൂസിയ മോഷൻ ഗ്ലാഡ്ബാക്കിനെതിരായ അഞ്ചു ഗോൾ ജയമാണ് ബയേണിനെ ഈ നേട്ടത്തിന് ഉടമകളാക്കിയത്. ജർമ്മനിയിലെ വമ്പന്മാരായ ബയേൺ 28 തവണ ലീഗും 18 തവണ ജർമ്മൻ കപ്പും സ്വന്തമാക്കിയിട്ടുണ്ട്.
നിലവിൽ പോയന്റ് നിലയിൽ ഒരു പോലെയാണെങ്കിലും ബൊറൂസിയ ഡോർട്ട്മുണ്ടിന് പിന്നിൽ രണ്ടാം സ്ഥാനത്തായി ബയേൺ ഉണ്ട്. ഒൻപത് പോയന്റ് ലീഡുമായി കുത്തിക്കുകയായിരുന്ന ഡോർട്ട്മുണ്ടിന്റെ ലീഡ് രണ്ടു ഗോളുകളാക്കി കുറയ്ക്കാൻ ബയേണിന് സാധിച്ചിട്ടുണ്ട്. ജർമ്മനിയിൽ കിരീടപ്പോരാട്ടം കനക്കുമ്പോൾ 29 ആം കിരീടത്തിനായി തയ്യാറെടുക്കുകയാണ് ബയേൺ.