സീസണിൽ റെക്കോർഡ് കുറിച്ച ബയേൺ മ്യൂണിക്കിന്റെ വിജയകുതിപ്പിന് അന്ത്യം. സീസണിൽ കളിച്ച 16 കളികളും ജയിച്ച അവരെ യൂണിയൻ ബെർലിൻ 2-2 എന്ന സ്കോറിന് സമനിലയിൽ പിടിക്കുക ആയിരുന്നു. ബെർലിനിൽ നടന്ന മത്സരത്തിൽ പന്ത് കൈവശം വെക്കുന്നതിൽ ബയേണിന്റെ ആധിപത്യം കണ്ടെങ്കിലും 27 മത്തെ മിനിറ്റിൽ അവർ സീസണിൽ ആദ്യമായി ബുണ്ടസ് ലീഗയിൽ ഒരു മത്സരത്തിൽ പിറകിൽ പോയി. ഡാനിലോ ഡോഹെകിയാണ് ബയേണിന്റെ വലയിൽ പന്ത് എത്തിച്ചത്.

എന്നാൽ 38 മത്തെ മിനിറ്റിൽ സ്റ്റാനിസിച്ചിന്റെ പാസിൽ നിന്നു അവിശ്വസനീയം ആയ ആങ്കിളിൽ നിന്നു ഗോൾ നേടിയ ലൂയിസ് ഡിയാസ് അവർക്ക് സമനില ഗോൾ നൽകി. രണ്ടാം പകുതിയിൽ 83 മത്തെ മിനിറ്റിൽ ഒരു ഫ്രീകിക്കിൽ നിന്നു കിട്ടിയ അവസരത്തിൽ തന്റെ രണ്ടാം ഗോൾ നേടിയ ഡാനിലോ ഡോഹെകി ബയേണിനെ വീണ്ടും ഞെട്ടിച്ചു. പരാജയം മുന്നിൽ കണ്ട ബയേണിനെ പക്ഷെ ടോം ബിച്ചോഫിന്റെ ക്രോസിൽ നിന്നു 93 മത്തെ മിനിറ്റിൽ ഗോൾ നേടിയ ഹാരി കെയിൻ രക്ഷിക്കുക ആയിരുന്നു. സീസണിൽ ലീഗിലെ 13 മത്തെ ഗോൾ ആയിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന് ഇത്. നിലവിൽ 10 മത്സരങ്ങൾക്ക് ശേഷം ലീഗിൽ 6 പോയിന്റ് മുന്നിൽ ഒന്നാമത് തുടരുകയാണ് ബയേൺ.














