കളത്തിൽ ഒരേസമയം പന്ത്രണ്ട് പേർ! നാണക്കേടായി ബുണ്ടസ് ലീഗയിലെ ബയേൺ ഫ്രയ്‌ബർഗ് മത്സരം

ജർമ്മൻ ബുണ്ടസ് ലീഗക്ക് തന്നെ നാണക്കേടായി ഇന്നലെ നടന്ന ബയേൺ ഫ്രയ്‌ബർഗ് മത്സരം. ബയേണിന്റെ വലിയ ജയത്തിന് ഇടയിലും മത്സരത്തിൽ ഒരു സമയത്ത് 12 കളിക്കാരും ആയി ബയേൺ കളിക്കേണ്ടി വന്നത് ബുണ്ടസ് ലീഗക്ക് തന്നെ നാണക്കേട് ആയിരിക്കുക ആണ്. 86 മത്തെ മിനിറ്റിൽ നിക്കോളാസ് സുലെ, മാർസൽ സാബിറ്റ്സർ എന്നിവരെ ബയേൺ പകരക്കാരായി കൊണ്ടു വന്നപ്പോൾ ഒരു താരം മാത്രം ആണ് കളം വിട്ടത്. ഇതോടെ അടുത്ത 17 സെക്കന്റുകൾ ബയേൺ 12 പേരുമായി ആണ് കളിച്ചത്. ബയേണിന്റെ ടീം മാനേജർ കാത്തലീൻ ക്രൂഗർ കിങ്സ്‌ലി കോമാന്റെ പുതിയ നമ്പർ ആയ 11 നു പകരം പഴയ നമ്പർ ആയ 29 നൽകിയത് ആണ് അബദ്ധത്തിനു കാരണം എന്ന് റഫറി ക്രിസ്റ്റിയൻ ഡിഗർട്ട് പറഞ്ഞു.

അതിനാൽ തന്നെ കോമാനു തന്നെ പിൻ വലിച്ചത് മനസ്സിലാക്കാൻ ആയില്ല. തുടർന്ന് അബദ്ധം മനസ്സിലാക്കി തിരുത്തി എങ്കിലും വലിയ വാദങ്ങൾ തന്നെയാണ് ഇരു ടീമുകളും റഫറിയും ആയി ഉണ്ടായത്. ഇതിനെ തുടർന്ന് 8 മിനിറ്റ് ആയിരുന്നു ഇഞ്ച്വറി സമയം നൽകിയത്. തന്റെ മത്സര റിപ്പോർട്ടിൽ ഈ പ്രശ്നം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട് എന്നു റഫറി വ്യക്തമാക്കി. ഇനി തീരുമാനം എടുക്കേണ്ടത് ജർമ്മൻ ഫുട്‌ബോൾ ഫെഡറേഷൻ ആണ് എന്നും അദ്ദേഹം വ്യക്തമാക്കി. വിചിത്രമായ സംഭവം എന്നണ് ഫ്രയ്ബർഗ് ഇതിനോട് പ്രതികരിച്ചത്‌. ഔദ്യോഗികമായി ഫ്രയ്ബർഗ് പരാതിപ്പെട്ടാൽ നിയമപ്രകാരം മത്സരഫലം ഫ്രയ്ബർഗ് ജയിച്ചത് ആയി പ്രഖ്യാപിക്കാൻ ആണ് സാധ്യത. വിചിത്രമായ സംഭവം ആണെങ്കിലും ഇത് കളിയെ ബാധിച്ചില്ല എന്നായിരുന്നു ബയേണിന്റെ പരിശീലകൻ യൂലിയൻ നൈഗിൽസ്മാന്റെ പ്രതികരണം.