ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ബൾഗേറിയയിൽ ഉണ്ടായ വംശീയാധിക്ഷേപങ്ങൾക്ക് പരിണിത ഫലങ്ങൾ ഉണ്ടാവുകയാണ്. ബൾഗേറിയൻ പരിശീലകനായ ക്രാസിമർ ബലകോവ് തന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു. ഈ ടീമിനെ മുന്നോട്ട് കൊണ്ടു പോകാൻ തനിക്ക് ആവില്ല എന്ന് ബലകോവ് പറഞ്ഞു. അന്ന് ഇംഗ്ലണ്ടിനെതിരായ മത്സര ശേഷം താൻ യാതൊരു വംശീയാധിക്ഷേപവും കേട്ടില്ല എന്നായിരുന്നു ബലകോവിന്റെ പ്രതികരണം.
കളിയിൽ ആയിരുന്നു തന്റെ ശ്രദ്ധ എന്നും അതുകൊണ്ടാണ് കേൾക്കാതിരുന്നത് എന്നും ബലകോവ് ഇപ്പോൾ വിശദീകരിക്കുന്നു. വംശീയാക്രമണം ഉണ്ടായിരുന്നു എങ്കിൽ അത് ബൾഗേറിയക്ക് നാണക്കേടാണെന്നും അദ്ദേഹം സ്ഥാനമൊഴിഞ്ഞ് കൊണ്ട് പറഞ്ഞു. ബൾഗേറിയൻ ആരാധകരുടെ വംശീയാധിക്ഷേപം വലിയ പ്രശ്നമായി തന്നെ ഫുട്ബോൾ ലോകം കണക്കാക്കുന്നുണ്ട്. ഇതുവരെ 12 ബൾഗേറിയൻ ആരാധകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.