സ്റ്റിമാചിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ പരിശീലകൻ കോൺസ്റ്റന്റൈൻ

ഇന്ത്യൻ ടീമിന്റെ കഴിഞ്ഞ ദിവസത്തെ ഗംഭീര പ്രകടനത്തിൽ അഭിനന്ദനങ്ങളുമായി മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ. ഇന്നലെ ഇന്ത്യ ഖത്തറിൽ ചെന്ന് ഖത്തറിനെ സമനിലയിൽ തളച്ചിരുന്നു. ഈ ഫലം ഇന്ത്യക്ക് വളരെ വലുതാണെന്നും പരിശീലകൻ സ്റ്റിമാചിനും ഇന്ത്യൻ ടീമിനും അഭിനന്ദനങ്ങൾ നേരുന്നതായും കോൺസ്റ്റന്റൈൻ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചത്.

ഇന്ത്യൻ താരങ്ങളോട് സ്നേഹം മാത്രമേ എന്നും ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. അവസാന നാലു വർഷമായി ഇന്ത്യയുടെ പരിശീലകനായിരുന്നു കോൺസ്റ്റന്റൈൻ. ഈ വർഷം ആദ്യ നടന്ന ഏഷ്യൻ കപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിനു ശേഷമാണ് കോൺസ്റ്റന്റൈൻ ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ചത്.