ബ്രസീലിനെ പിടിച്ചുകെട്ടി 76ആം റാങ്കുകാരായ പനാമ

Newsroom

ഇന്ന് പോർട്ടോയിൽ നടന്ന സൗഹൃദ മത്സരത്തിൽ ബ്രസീലിന് സമനില. 76ആം റാങ്കുകാരായ പനാമ ആയിരുന്നു ഇന്ന് ബ്രസീലിന്റെ എതിരാളികൾ. തുടക്കത്തിൽ ലീഡെടുത്ത ശേഷമാണ് ടിറ്റെയുടെ ടീം സമനില വഴങ്ങിയത്. നെയ്മർ ഗ്യാലറിയിൽ ഇരുന്ന് കളി കണ്ട മത്സരത്തിൽ എ സി മിലാൻ താരം പക്വേറ്റയാണ് ബ്രസീലിനായി ഗോൾ നേടിയത്. കസമേറോയുടെ ക്രോസിൽ നിന്ന് ഒരു വോളിയിലൂടെ ആയിരുന്നു ഗോൾ. പക്വേറ്റയുടെ ബ്രസീലിനായുള്ള ആദ്യ ഗോളാണിത്.

മക്കാഡോ ആണ് പനാമയ്ക്കായി സമനില ഗോൾ നേടിയത്. സമനില ഗോളിന് ശേഷം വിജയിക്കാനുള്ള സുവർണ്ണാവസരങ്ങൾ ബ്രസീലിന് ലഭിച്ചിരുന്നു. കസമേറോ മാത്രം രണ്ട് അവസരങ്ങളാണ് പാഴാക്കിയത്. ഇനി ബ്രസീലിന്റെ അടുത്ത മത്സരം ചെക്ക് റിപബ്ലിക്കുമായാണ്.